വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിരിച്ച മുഴുവന്‍ പണത്തിന്റെയും കണക്ക് പുറത്ത് വിട്ട് സിപിഎം

MA BABY

അക്കൗണ്ടുകളുടെ കാര്യത്തില്‍ സിപിഎം എക്കാലവും പുലര്‍ത്തുന്ന സുതാര്യത സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുള്ളതാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിരിച്ച മുഴുവന്‍ പണത്തിന്റെയും കണക്ക് പുറത്ത് വിട്ട് സിപിഎം. പാര്‍ട്ടി സ്വരൂപിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി വ്യക്തമാക്കി. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ പ്രത്യേക അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയത്. 2025 മാര്‍ച്ച് 21-ന് 92 ലക്ഷം രൂപയും, മെയ് 26-ന് 99,000 രൂപയും കൈമാറി. ഇതിന്റെ രസീതുകള്‍ പാര്‍ട്ടി പരസ്യപ്പെടുത്തി. കൂടാതെ, പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളും വലിയ തോതില്‍ തുക സമാഹരിച്ച് നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയും കേരള കര്‍ഷക സംഘവും ചേര്‍ന്ന് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറിയിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തില്‍ സിപിഎം എക്കാലവും പുലര്‍ത്തുന്ന സുതാര്യത സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുള്ളതാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.

സിപിഎം കണക്ക് പുറത്ത് വിട്ടതോടെ കോണ്‍ഗ്രസ് പിരിച്ച തുകയെ കുറിച്ച് സോഷ്യല്‍ മീഡിയില്‍ ചോദ്യം ഉയരുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും തന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണമിട്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇരുവരും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ വിവരത്തില്‍ ഈ അക്കൗണ്ട് ഉള്‍പ്പെട്ടിട്ടില്ല. എഐസിസി അക്കൗണ്ടിന്റെ ബാലന്‍സ് ഷീറ്റിലും ഈ തുകയില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ സിപിഎം അനുകൂല ഹാന്‍ഡിലുകള്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിനോട് വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്റെ കണക്കുകള്‍ ചോദിച്ചെങ്കിലും വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

Tags