വിപ്ലവകരമായ മാറ്റങ്ങൾക്കൊണ്ട് പ്രഥമ ശ്രേണിയിലെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചു; വി ശിവൻകുട്ടി

v sivankutty

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് ആശംസകളുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആശംസകൾക്കൊപ്പം കഴിഞ്ഞ പത്തു വർഷം ഇടതു സർക്കാർ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളും അദ്ദേഹം അക്കമിട്ട് പറ‍ഞ്ഞു. ഫേസ്ബുക്കിലാണ് ഇത് കുറിച്ചത്. ഏകപക്ഷീയമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരുന്നിട്ടും അതിൽ ഊന്നിക്കൊണ്ടുള്ള ദേശീയ സൂചികകളിൽ പോലും കേരളത്തിന് പ്രഥമ ശ്രേണിയിൽ എത്താനായത് പൊതു വിദ്യാഭ്യാസ വകുപ്പിൽ 10 വർഷങ്ങൾ കൊണ്ട് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾക്കൊണ്ടാണ്.

ഒന്നും രണ്ടും പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. 43 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ അപകട ഇൻഷുറൻസ് അടക്കം നിരവധി വിപ്ലവകരമായ പദ്ധതികളാണ് നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുരുങ്ങിയ കാലയളവിൽ നടപ്പിലാക്കിയത്. ഒരു മതേതര സമൂഹമായി കേരളത്തിലെ പുതുതലമുറയെ കെട്ടിപ്പടുക്കേണ്ട വലിയ കടമ പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ ഉത്തരവാദിത്തം ഏറ്റവും മികവോടെ നിർവ്വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പത്തു കൊല്ലത്തെ നേട്ടങ്ങൾ ;

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ജനകീയ പങ്കാളിത്തത്തോടെ ‘സബ്ജക്ട് മിനിമം’ പദ്ധതി നടപ്പിലാക്കി. പഠനത്തിൽ പിന്നാക്കം നിന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി അവരെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പമെത്തിച്ചു.

സമഗ്രമായ ജനകീയ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരിക്കുകയും 2024-25 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുകയും ചെയ്തു. മലയാളം അക്ഷരമാലയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി. ഓരോ വർഷവും അടുത്ത അധ്യയന വർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ പാഠപുസ്തക വിതരണവും സ്കൂൾ യൂണിഫോം വിതരണവും പൂർത്തീകരിച്ചു.

സ്കൂൾ കായികമേളകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ചരിത്രപരമായ നേട്ടം കൈവരിച്ചു. ഇതിനായി ‘ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ’ യാഥാർത്ഥ്യമാക്കി. സ്കൂൾ കായികമേള ഗെയിംസ്‌ ഇനങ്ങൾ കൂടി കൂട്ടിച്ചേർത്ത് സ്കൂൾ ഒളിമ്പിക്സ് ആയി പുനഃസംഘടിപ്പിച്ചു. ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പേർപ്പെടുത്തി.

കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് സൗജന്യ മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം ഉറപ്പാക്കി. സ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുകയും 2000 ഹൈസ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ സജ്ജമാക്കുകയും ചെയ്തു. ‘ലിറ്റിൽ കൈറ്റ്സ്’ വഴി കുട്ടികൾക്ക് AI, 3D മോഡലിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു.

വ്യാജവാർത്തകൾ പ്രതിരോധിക്കാൻ ‘സത്യമേവ ജയതേ’ ക്യാമ്പയിൻ വഴി അധ്യാപകർക്കും, സൈബർ ചതിക്കുഴികൾ തിരിച്ചറിയാൻ 4 ലക്ഷം അമ്മമാർക്കും പരിശീലനം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിൽ 9,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കി. 1200-ലധികം പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ‘വർണ്ണക്കൂടാരം’ പദ്ധതി നടപ്പിലാക്കി. ഭൂമിശാസ്ത്ര പഠനം ആകർഷകമാക്കാൻ ഇന്ത്യയിലാദ്യമായി 200 സ്കൂൾ വെതർ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് നവീനമായി നടപ്പാക്കിയ നിരവധി പദ്ധതികൾ ചിലത് മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറ‍ഞ്ഞു.

Tags