സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീതി പടരുന്നു

Dengue fever

 കോഴിക്കോട്: സംസ്ഥാനത്ത് അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. സാധാരണ ഗതിയിൽ ഓഗസ്റ്റ് മാസത്തോടെ കുറയാറുള്ള രോഗബാധ, ഇത്തവണ ഇടവിട്ടു പെയ്യുന്ന മഴ മൂലം ഒക്ടോബറിലും തീവ്രമായി തുടരുകയാണ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം 1504 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. കൂടാതെ 3767 പേർക്ക് രോഗം സംശയിക്കുന്നതായും ഇതിൽ 5 പേർ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായതിനേക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2025 ഒക്ടോബറിൽ 655 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ശരാശരി 15 മുതൽ 20 വരെ ആളുകളാണ് ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. ഈ വർഷം ഇതുവരെ ആകെ 13,108 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 44 പേർ മരണത്തിന് കീഴടങ്ങി.

തുടർച്ചയായ ശക്തമായ മഴയുണ്ടാകുമ്പോൾ കൊതുകിന്റെ ലാർവകൾ നശിച്ചുപോകുമെങ്കിലും, ഇത്തവണ ഇടയ്ക്കിടെ പെയ്യുന്ന ചെറിയ മഴ വെള്ളം കെട്ടിക്കിടക്കാനും കൊതുകുകൾ വൻതോതിൽ പെരുകാനും കാരണമായിട്ടുണ്ട്. വീട്ടുപറമ്പുകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. എൽ.ടി. സരിതകുമാരി അറിയിച്ചു. പകൽ സമയങ്ങളിൽ കടിക്കുന്ന കൊതുകുകളാണ് ഡെങ്കി പരത്തുന്നത് എന്നതിനാൽ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Tags