ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും
ദിവസേനയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ 5,000 ഭക്തരുടെ വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
ശബരിമലയില്‍ തിരക്ക് കുറയുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കുന്നതിനായി എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദിവസേനയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ 5,000 ഭക്തരുടെ വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന പ്രചാരണം ദേവസ്വം ബോര്‍ഡ് തള്ളി. ബുക്ക് ചെയ്ത ശേഷം ദര്‍ശനത്തിന് എത്താതിരുന്നാല്‍ പിന്നീട് മണ്ഡലകാലത്ത് അവസരം നിഷേധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ സീസണില്‍ വെര്‍ച്വല്‍ ക്യൂ സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ആലോചനയിലില്ല. നിലവില്‍ സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയാല്‍ വലിയ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്ക ബോര്‍ഡിനുണ്ട്. അതിനാല്‍ എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തില്‍ അന്വേഷണം തുടരുകയാണ്. കൂട്ടമായി ബുക്ക് ചെയ്യുന്ന തരത്തിലുള്ള അസ്വാഭാവികതകള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളൂ. പ്രാഥമിക പരിശോധനയില്‍ പ്രത്യേകിച്ച് അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിലയിരുത്തല്‍. വെള്ളിയാഴ്ച മുതല്‍ സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്
.jpg)

