കോഴിക്കോട് അംഗീകാരമില്ലാത്ത ട്യൂഷൻ സെന്‍ററുകൾ അടച്ചുപൂട്ടാൻ തീരുമാനം

exam
exam

കോഴിക്കോട് :  കോഴിക്കോട്  ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെന്‍ററുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിലെ പരിപാടികൾ പോലീസിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം. താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ വിദ്യാർത്ഥികളാൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലാണ് അനധികൃത ട്യൂഷൻ സെന്‍ററുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനമായത്.

ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടും. സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് എല്ലാ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻറ്റുകൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. യോഗം വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശിച്ചു. എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണം. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും യോഗം നിർദ്ദേശിച്ചു.

Tags