സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: ഹൈക്കോടതി രൂക്ഷവിമർശനത്തിൽ; റോഡിൽ ഫുട്പാത്ത് നിർമിക്കാൻ നിർദേശം

Death toll of private buses: High Court strongly criticizes; orders construction of footpaths on roads

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിലും അപകടങ്ങളിലും കടുത്ത അമർഷവും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ബസ് ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ലെന്നും അവർ ആളുകളുടെ കാലന്മാരായി മാറുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. കാക്കനാട്ട് സ്വകാര്യ ബസിടിച്ച് ഐ.ടി ജീവനക്കാരി അക്ഷര മരിച്ച അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടതിനു ശേഷമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.

അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടുനിൽക്കാനാവില്ലെന്നും കില്ലിങ് മെഷീൻ പോലെയാണ് ചില വാഹനങ്ങൾ പ്രവർത്തിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത ഡ്രൈവർ വാഹനം ഓടിക്കാൻ യോഗ്യനല്ല. റോഡിൽ ഫുട്പാത്തില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ പോയാൽ ആളുകൾ ജീവനോടെ വീട്ടിൽ തിരിച്ചെത്തുമെന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും അപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തോട് കോടതി മാപ്പു ചോദിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.

ഡ്രൈവർമാർ നിയമത്തെ വകവെക്കുന്നില്ലെന്നും ഇത് അവസാനിച്ചേ മതിയാകൂവെന്നും വ്യക്തമാക്കിയ കോടതി, പ്രശ്നം നിയന്ത്രിക്കാൻ എന്തെങ്കിലും പ്ലാനുണ്ടോയെന്ന് ഓൺലൈനായി ഹാജരായ കൊച്ചി എ.സി.പി അരുൺ കെ. പവിത്രനോട് ആരാഞ്ഞു. അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ 20-ഓളം ക്രിമിനൽ കേസുകളുണ്ടെന്ന് എ.സി.പി അറിയിച്ചതോടെ, ഇത്രയും കേസുകളുള്ളവർക്ക് വീണ്ടും വാഹനം ഓടിക്കാൻ എങ്ങനെ അനുമതി ലഭിക്കുന്നുവെന്ന് കോടതി ചോദിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കിയാൽ ബസ് ഉടമകൾക്കെതിരെയും നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. കൂടാതെ, റോഡുകളിൽ അപകടസാധ്യത കുറയ്ക്കുന്നതിനായി ഫുട്പാത്തുകൾ നിർമിക്കാൻ കൊച്ചി കോർപ്പറേഷനും ഹൈക്കോടതി നിർദേശം നൽകി.

Tags