ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
അടിമാലി: ഇടുക്കിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇരുമ്പുപാലം ഒഴുകത്തടം വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ, ഇഹാൻ എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
കുട്ടികളില്‍ ഒരാളുടെ കൈയില്‍ നിന്ന് പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നറിന്റെ സാമ്പിൾ കണ്ടെടുത്തു. കുട്ടികള്‍ തിന്നര്‍ കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പിതാവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഫ്സലിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നുവെന്നും പൊലീസ് പറയുന്നു. കുഞ്ഞുങ്ങള്‍ തിന്നര്‍ കുടിച്ചിരുന്നു എന്നായിരുന്നു അഫ്‌സലിന്റെ മൊഴി. ഒരാള്‍ അടിമാലി താലൂക്ക് ആശുപ്രതിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലാണ്.
.jpg)

