ഏരിയാ സെക്രട്ടറി പിആര്‍ പ്രദീപിന്റെ മരണം ; അന്വേഷണത്തിനൊരുങ്ങി സിപിഐഎം

ഏരിയാ സെക്രട്ടറി പിആര്‍ പ്രദീപിന്റെ മരണത്തില്‍ അന്വേഷണത്തിനൊരുങ്ങി സിപിഐഎം. രാഷ്ട്രീയ പ്രശ്‌നമല്ല ആത്മഹത്യക്ക് കാരണമെന്ന് റാന്നി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ രാജു എബ്രഹാം പറഞ്ഞു. പിആര്‍ പ്രദീപിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും പാര്‍ട്ടിക്ക് തീരാ നഷ്ടമാണ് പ്രദീപിന്റെ ആത്മഹത്യയെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.
വെളളിയാഴ്ച വൈകിട്ട് ആണ് പിആര്‍ പ്രദീപിനെ ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രദീപിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇന്നലെ വൈകിട്ട് ചേരാനിരുന്ന ഏരിയ കമ്മിറ്റി യോഗത്തിലേക്ക് പ്രദീപിനെ വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നേതാക്കള്‍ നടത്തിയ തിരച്ചിലില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു