പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി വേണ്ട, ഉടവാൾ ഉയർത്തുന്നത് ശരിയല്ല : വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി

No disciplinary action against activists, raising the stakes is not right: Dean Kuriakose MP criticizes

 ഇടുക്കി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഇടുക്കി ഡി.സി.സി.യുടെ നീക്കത്തെ വിമർശിച്ച് ഡീൻ കുര്യാക്കോസ് എം.പി രംഗത്ത്. ചോര നീരാക്കി പ്രവർത്തകർ ഉണ്ടാക്കിയ വിജയമാണിതെന്നും, അവരുടെ വൈകാരികമായ പ്രതികരണങ്ങളെ ഭീഷണികൊണ്ട് നേരിടുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകർ തങ്ങളുടെ വികാരം പ്രകടിപ്പിക്കുമ്പോൾ അതിനെ അവധാനതയോടെ കാണാൻ നേതൃത്വം തയ്യാറാകണം. അച്ചടക്ക നടപടി കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകില്ല. പ്രവർത്തകർക്ക് അവരുടെ വികാരങ്ങൾ പറയാൻ പാർട്ടിയിലല്ലാതെ മറ്റെവിടെയാണ് ഇടമുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഒന്നുകിൽ അവരുടെ വികാരങ്ങളെ ഉൾക്കൊള്ളുകയോ അല്ലെങ്കിൽ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയോ ആണ് വേണ്ടത്.

കോൺഗ്രസ് ഒരു കേഡർ പാർട്ടിയല്ലെന്ന് എല്ലാവർക്കുമറിയാം. അമിതമായി അച്ചടക്കത്തിന്റെ ഉടവാൾ ഉയർത്തിക്കാണിച്ച് പ്രവർത്തകരെ ഇരുമ്പുവടത്തിൽ കെട്ടിയിടാമെന്ന് ആരും കരുതേണ്ടെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരിക്കെ സ്വന്തം ജില്ലയിലെ നേതൃത്വത്തിന്റെ നടപടിക്കെതിരെ എം.പി തന്നെ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

Tags