കാടു കയറി പകൽവീട് കെട്ടിടം
കളമശ്ശേരി: വയോജനങ്ങൾക്ക് വിടാക്കുഴയിൽ നിർമിച്ച പകൽവീട് കെട്ടിടം കാടുകയറുന്നു. ലക്ഷങ്ങൾ ചെലവിട്ട് കളമശ്ശേരി നഗരസഭ ഒമ്പതാം വാർഡിൽ എലനികുളത്തിന് സമീപം മൂന്നുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ കെട്ടിടമാണ് കാടുകയറി നോക്കുകുത്തിയായത്.
പകൽവീടിനകം ചളി നിറഞ്ഞും ജനൽച്ചില്ലുകൾ തകർന്ന നിലയിലും മുറ്റം മുഴുവൻ പുല്ലുകൾ പടർന്ന് കാടുപിടിച്ച അവസ്ഥയിലുമാണ്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും വൈദ്യുതീകരിച്ചതല്ലാതെ മറ്റ് ഉപകരണങ്ങളൊന്നും വീടിനകത്തില്ല.
കെട്ടിടത്തിലേക്കുള്ള റോഡും അവഗണനയിലാണ്. വീട് വയോജനങ്ങൾക്ക് ഉപകാരപ്പെടുത്തണമെന്ന് പലവട്ടം കൗൺസിൽ യോഗത്തിൽ
ആവശ്യം ഉയർന്നിരുന്നു. ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചതായി വാർഡ് കൗൺസിലർ മുഹമ്മദ് ഫെസി അറിയിച്ചു.