കോഴിക്കോട് പെരുമണ്ണയിൽ ആളൊഴിഞ്ഞ പറമ്പിൽ അനധികൃതമായി സൂക്ഷിച്ച 64 സിലിണ്ടറുകൾ പിടിച്ചെടുത്തു
കോഴിക്കോട്: പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടത്ത് ജനവാസ കേന്ദ്രത്തിൽ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് എടച്ചേരിത്താഴത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇവ കണ്ടെത്തിയത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 60 കാലി സിലിണ്ടറുകളും ഗ്യാസ് നിറച്ച നാല് സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. വളരെ അലസമായ രീതിയിൽ പറമ്പിൽ കൂട്ടിയിട്ട നിലയിലായിരുന്നു ഇവ. വലിയ അപകടസാധ്യത മുന്നിൽക്കണ്ട് പിടിച്ചെടുത്ത സിലിണ്ടറുകൾ ഉടൻ തന്നെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിൽ ഇത്രയധികം സിലിണ്ടറുകൾ ഒളിപ്പിച്ചു വെച്ചവരെ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, കൊയിലാണ്ടി റേഷനിങ് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർമാരായ ബൈജു, ബവിത, ഷൈബ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
.jpg)


