ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മഴ കനക്കുന്നു
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇന്ന് പ്രത്യേക അലർട്ടുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും വീശിയടിച്ചേക്കാം. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വരാനിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മഴയുടെ നാളുകളാണ്. ഇതിന്റെ ഭാഗമായി നാളെ (ഞായറാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
.jpg)

