സി.ഡബ്ല്യു.സി, ജെ.ജെ.ബി അംഗങ്ങൾ കുട്ടികളുടെ വിഷയങ്ങളിൽ സെൻസിറ്റീവ് ആകണം:മന്ത്രി വീണാ ജോർജ്

veena

ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി ഡബ്ല്യു സി), ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെ ജെ ബി) അംഗങ്ങൾ കുട്ടികളുടെ ജീവിത വിഷയങ്ങളിൽ സെൻസിറ്റീവായി ഇടപെടണമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് പുതിയ അംഗങ്ങൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി തിരുവനതപുരത്ത് ഐ എം ജിയിൽ സംഘടിപ്പിച്ച നാലു ദിന ഇൻഡക്ഷൻ ട്രെയിനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

tRootC1469263">

അതീവ ജാഗ്രതയോടും കരുതലോടും കൂടി മാത്രമായിരിക്കണം കുട്ടികളുടെ വിഷയങ്ങൾ പരിഗണിക്കേണ്ടത്. കുട്ടികളുടെ ഉത്തമ താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സ്വീകരിക്കേണ്ടത്. പലപ്പോഴും കുട്ടികൾക്ക് ഇത്തരം സംവിധാനങ്ങളെ ഭയമാണെന്നും, ചോദ്യം ചെയ്യലുകൾ അവർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും പരാതികൾ വരാറുണ്ട്. അതിനാൽ, കുട്ടികൾക്ക് ഭയമില്ലാതെ സമീപിക്കാൻ കഴിയുന്ന രീതിയിൽ ഈ സംവിധാനങ്ങൾ മാറണം.

കേരളത്തെ ഒരു ബാലസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനായി എല്ലാ അംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ കോടതി മുറികളായി മാറാൻ പാടില്ല, അവ കുട്ടികളെ പിന്തുണയ്ക്കാനുള്ള ഇടങ്ങളായിരിക്കണം. നിയമപരമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമ്പോൾ തന്നെ, അടിയന്തര പ്രാധാന്യമുള്ള കേസുകൾ കൃത്യസമയത്ത് സർക്കാരിനെ അറിയിക്കാൻ സി ഡബ്ല്യു സികൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി നിർദ്ദേശിച്ചു.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

Tags