ആദിവാസിയുവാവിന്റെ കസ്റ്റഡിമരണം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം : കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പൊലീസ് സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പെൺകുട്ടിക്കൊപ്പം കാണാതായെന്ന പരാതിയിലാണ് അമ്പലവയൽ നെല്ലാറച്ചാൽ പുതിയ പാടി ഊരിലെ ഗോകുൽ എന്ന പതിനെട്ടു കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ എട്ടുമണിയോടെ സ്‌റ്റേഷനിലെ ശുചിമുറിയിൽ ഷർട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആധാർപ്രകാരം 18 വയസ് തികയാത്ത യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ ഒരു ദിവസം പാർപ്പിച്ചത്. ഈ കേസിൽ ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം ഈ വിഷയത്തിൽ തൃപ്തികരമല്ല.

സാധാരണ കസ്റ്റഡി മരണം അന്വേഷി്‌ക്കേണ്ടത് ജൂഡീഷ്യൽ മജിസ്‌ട്രേറ്റാണ്. ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. 18 തികയാത്ത ബാലനോട് രാത്രി മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ നിൽക്കാൻ ആവശ്യപ്പെട്ടുവെന്നാണ് മനസിലാകുന്നത്. ബന്ധുക്കളെ മൃതദേഹം കാണിക്കാൻ പോലും പൊലീസ് കൂട്ടാക്കുന്നില്ലെന്നു പരാതിയുണ്ട് - രമേശ് ചെന്നിത്തല പറഞ്ഞു.

Tags

News Hub