സാംസ്ക്കാരിക വകുപ്പ് ഗണേശിന് നൽകില്ല ; പകരം വനം വകുപ്പ്

ഹരികൃഷ്ണൻ . ആർ
ഏറെ ആഗ്രഹിച്ച സിനിമ ഉൾപ്പെടുന്ന സാംസ്ക്കാരിക വകുപ്പ് കെ.ബി.ഗണേശ് കുമാറിന് നൽകില്ല . സി.പി.എമ്മിൻ്റെ കൈയിലായതു കൊണ്ട് വനം വകുപ്പ് നൽകി തൃപ്തിപ്പെടുത്താനാണ് ശ്രമം . നവംബറിൽ നടക്കാനിരിക്കുന്ന മന്ത്രി സഭാ പുന: സംഘടനയിൽ വനം വകുപ്പ് ഗണേശ് കുമാറിന് കൈമാറുമെന്ന് ഏറെ കുറേ ഉറപ്പായി . സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തിയെന്ന നിലയിൽ സാംസ്ക്കാരിക വകുപ്പ് തെരഞ്ഞെടുക്കാനായിരുന്നു ഗണേശ് കുമാർ താൽപര്യം പ്രകടിപ്പിച്ചത് .
സിനിമ മേഖലയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകാമെന്ന് കണക്കാക്കിയാണ് ഗണേശ് കുമാർ സാംസ്ക്കാരിക വകുപ്പ് ആവശ്യപ്പെട്ടത് . എന്നാൽ സി.പി.എം അത് വെച്ച് മാറാൻ വിസമ്മതിക്കുകയായിരുന്നു .ഗതാഗതം വനം മന്ത്രി എ.കെ ശശീന്ദ്രന് നൽകുമെന്നാണ് അറിയുന്നത് .
എന്നാൽ എൻ.സി.പിയിലെ എ.കെ ശശീന്ദ്രനെ ഒഴിവാക്കി പകരം ഗതാഗതം തനിക്ക് നൽകണമെന്ന് തോമസ് കെ.തോമസ് ആവശ്യപ്പെടുന്നത് ഇടതു മുന്നണിയെ ഏറെ വലയ്ക്കുന്നുണ്ട് . ഗതാഗത വകുപ്പ് ആർക്ക് നൽകണമെന്നുള്ളത് ഇടത് മുന്നണിക്ക് തീരെ തലവേദനയാവുകയാണ് .
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എ.കെ . ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പിൻ്റെ ചുമതല നൽകിയിരുന്നത് . പ്രൊഫ . സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതുൾപ്പടെ പല പരിഷ്ക്കരണ നടപടികളും നടപ്പിലാക്കുന്നതിൽ എ.കെ . ശശീന്ദ്രൻ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു .
തൊഴിലാളി സംഘടനകളുമായി അടുപ്പം വെച്ച് പുലർത്തിയിരുന്ന മന്ത്രിയെന്ന നിലയിലിലും ശശീന്ദ്രൻ സ്വീകാര്യനായ മന്ത്രിയായിരുന്നു .അങ്ങനെയെങ്കിൽ ഇക്കുറി വീണ്ടും ഗതാഗത വകുപ്പ് ശശീന്ദ്രന് നൽകുകയാണെങ്കിൽ കെ.എസ്ആർ.ടി.സി എം.ഡി ബിജു പ്രഭാകരനെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചേക്കും .
ഇന്ന് മുതൽ ഒന്നര മാസക്കാലത്തേക്ക് ലീവിൽ പോകാൻ തയ്യാറെടുക്കുന്ന ബിജു പ്രഭാകർ സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മുമ്പ് തന്നെ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു .ലഭിക്കുന്ന വിവരം അനുസരിച്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പോലും കെ.എസ്.ആർ.ടി.സി വകുപ്പ് മേധാവി സ്ഥാനത്തേക്ക് താൽപര്യമില്ലെന്നാണ് അറിയാൻ സാധിക്കുന്നത് .