ബിരുദപ്രവേശനത്തിന് സിയുഇടി-യുജി
രാജ്യത്തെ കേന്ദ്രസർവകലാശാലകളിലെയും മറ്റു സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ബിരുദതലപ്രോഗ്രാമുകളിലെ 2026-27-ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പൊതുപ്രവേശനപരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി-യുജി) 2026-ന് അപേക്ഷിക്കാം. ഒരു പരീക്ഷവഴി വിവിധ സ്ഥാപനങ്ങളിലെ, വിവിധ കോഴ്സുകളിലെ യുജി പ്രവേശനത്തിന് അവസരമൊരുക്കുന്ന സംവിധാനമാണ് സിയുഇടി-യുജി. മേയ് 11-നും 31-നും ഇടയ്ക്ക് പല ഷിഫ്റ്റുകളിലായി പരീക്ഷ നടത്തും.
tRootC1469263">പങ്കെടുക്കുന്ന കേന്ദ്രസർവകലാശാലകൾ
പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദപ്രോഗ്രാം പ്രവേശനം നടത്തുന്ന കേന്ദ്ര സർവകലാശാലകൾ (വെബ്സൈറ്റ് പ്രകാരം -നിലവിൽ ഉള്ളവ):
അലിഗഢ് മുസ്ലിം, അസം, ബാബാ സാഹബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, സെൻട്രൽ ട്രൈബൽ ആന്ധ്രപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട്, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹർലാൽ നെഹ്റു, മഹാത്മാഗാന്ധി സെൻട്രൽ, മണിപ്പുർ, മൗലാനാ ആസാദ് നാഷണൽ ഉറുദു, നാഷണൽ ഫൊറൻസിക് സയൻസ് (ഡൽഹി, ഗുജറാത്ത്), നാഷണൽ സാൻസ്‌ക്രിറ്റ്, പോണ്ടിച്ചേരി, രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ, ഇഫ്ളു, അലഹാബാദ്, ഡൽഹി, ഹൈദരാബാദ്, വിശ്വഭാരതി.
കേരള കേന്ദ്രസർവകലാശാലയിലെ ഓണേഴ്സ് കോഴ്സുകൾ: ബിസിഎ, ബികോം ഫിനാൻഷ്യൽ അനലറ്റിക്‌സ്, ബിഎസ്‌സി ബയോളജി, ബിഎ ഇന്റർനാഷണൽ റിലേഷൻസ്.
പങ്കെടുക്കുന്ന മറ്റുസ്ഥാപനങ്ങളിൽ സ്റ്റേറ്റ് (33 എണ്ണം), കല്പിത (23), സ്വകാര്യ (76) സർവകലാശാലകൾ, മറ്റ് സർക്കാർസ്ഥാപനങ്ങൾ (5) തുടങ്ങിയവയും ഉൾപ്പെടും.
സർവകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകൾ, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in- ൽ ലഭിക്കും. കൂടുതൽ സ്ഥാപനങ്ങൾ വരുമ്പോൾ പട്ടിക വിപുലമാക്കും. അതിനാൽ, വെബ്സൈറ്റ് നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കണം.
പ്രവേശനവ്യവസ്ഥകൾക്ക് സിയുഇടി-യുജി വെബ്സൈറ്റ്/ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കണം. കൂടാതെ, അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോസ്‌പെക്ടസും പരിശോധിക്കണം.
മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളിൽ പരീക്ഷ നടത്തും. 13 ഭാഷകൾ, 23 ഡൊമൈൻ സ്പെസിഫിക് വിഷ യങ്ങൾ, ഒരു ജനറൽ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങൾ ഒബ്‌ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലായിരിക്കും.
വിഷയങ്ങൾ
മൂന്നുഭാഗങ്ങളും വിഷയങ്ങളും:
13 ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, അസമീ സ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു. ഇതിലെ ചോദ്യങ്ങൾ, റീഡിങ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകൾ അടിസ്ഥാനമാക്കി ഫാക്ച്വൽ, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.
23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ: അക്കൗണ്ടൻസി/ ബുക്ക് കീപ്പിങ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ബയോളജിക്കൽ സയൻസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ പ്രാക്ടീസസ്,
ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, ഫൈൻ ആർട്‌സ്/വിഷ്വൽ ആർട്സ്/കൊമേഴ്സ്യൽ ആർട്‌സ്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇൻ ഇന്ത്യ, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്‌സ് (ഡാൻസ്, ഡ്രാമ, മ്യൂസിക്), ഫിസിക്കൽ എജുക്കേഷൻ (യോഗ, സ്പോർട്സ്), ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി. ചോദ്യങ്ങൾ എൻസിഇആർടി സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകൾ/കോഴ്സുകൾ അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.
ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: ജനറൽ നോളജ്, കറന്റ് അഫയേഴ്‌സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കൽ തത്ത്വങ്ങൾ -അരിത്മറ്റിക്/ഓൾജിബ്ര/ ജ്യോമട്രി/ മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കൽ ആൻഡ് അനലറ്റിക്കൽ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
പ്രവേശനയോഗ്യത
പ്രായപരിധി ഇല്ല. എന്നാൽ, സ്ഥാപനങ്ങൾ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് തൃപ്തിപ്പെടുത്തണം. ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2026-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യപരീക്ഷകളിൽ എച്ച്എസ്‌സി വൊക്കേഷണൽ പരീക്ഷ, മൂന്നുവർഷ അംഗീകൃത ഡിപ്ലോമ, അഞ്ചു വിഷയങ്ങളോടെയുള്ള എൻഐഒഎസ് സീനിയർ സെക്കൻഡറി പരീക്ഷ, ചില വിദേശപരീക്ഷകൾ തുടങ്ങിയവയും ഉൾപ്പെടും. യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വ്യവസ്ഥകൾക്കു വിധേയമായിരിക്കും.
ഓരോ സർവകലാശാലയുടെയും/സ്ഥാപനത്തിന്റെയും പ്രവേശനയോഗ്യതാവ്യവസ്ഥകൾ, പ്രവേശനത്തിനുവേണ്ട വിഷയ കോമ്പിനേഷനുകൾ, സംവരണവ്യവസ്ഥകൾ, ഇളവുകൾ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാൽ, അപേക്ഷ നൽകുംമുൻപ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് വ്യവസ്ഥകൾ നിർബന്ധമായും മനസ്സിലാക്കണം.
പരീക്ഷ
പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ (സിബിടി) നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നിൽക്കൂടുതൽ ഷിഫ്റ്റുകളിൽ നടത്തേണ്ടിവന്നാൽ മാർക്ക് നോർമലൈസേഷൻ നടത്തി എൻടിഎ സ്‌കോർ നിർണയിക്കും. ഓരോ ടെസ്റ്റ് പേപ്പറിലും 50 ചോദ്യംവീതം ഉണ്ടാകും. എല്ലാം നിർബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റായിരിക്കും
ശരിയുത്തരത്തിന് അഞ്ചുമാർക്കുവീതം ലഭിക്കും. ഉത്തരംതെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാൻ കഴിയില്ല.കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കുമ്പോൾ നാല് കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാർഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേൽവിലാസവുമായി ബന്ധപ്പെട്ട സ്വന്തം സിറ്റി/സംസ്ഥാനത്തെതന്നെ സമീപത്തെ സിറ്റി/സിറ്റികൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
അപേക്ഷ
cuet.nta.nic.in വഴി ജനുവരി 30-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. ഒരാൾ ഒരപേക്ഷയേ നൽകാവൂ. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയക്കേണ്ടതില്ല.
അപേക്ഷാഫീസ് വിവരം ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, കാറ്റഗറി, പരീക്ഷാകേന്ദ്രം (ഇന്ത്യയിൽ/ വിദേശത്ത്) എന്നിവ അനുസരിച്ച് ഇതുമാറും. അപേക്ഷാഫീസ് ജനുവരി 31-ന് രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം.
അപേക്ഷ ക്ഷണിച്ച് പരീക്ഷനടത്തി സ്‌കോർ വിവരങ്ങൾ പരീക്ഷാർഥികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നതുവരെയുള്ള ഘട്ടങ്ങളാണ് എൻടിഎയുടെ പരിധിയിൽ വരുന്നത്. ഒരു സ്ഥാപനത്തിലെ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ പാലിച്ച്, കൗൺസലിങ് നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. അതിനാൽ, പ്രവേശനകാര്യങ്ങൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.
.jpg)


