ആശുപത്രി നവീകരണത്തിന് സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തും : ആരോഗ്യമന്ത്രി
കോഴിക്കോട് : മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും കെട്ടിടം പണിയാനും മറ്റു സാമ്പത്തിക സഹായങ്ങൾക്കും അംഗീകൃത സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകൾ വിനിയോഗിക്കും. സർക്കാർ ആശുപത്രികളെ സഹായിക്കാൻ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തണം. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. ധവള പത്രത്തിലെ പണംകൊണ്ട് എന്തുചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യരംഗം തകർത്ത് തരിപ്പണമാക്കിവെച്ചിരിക്കുകയാണ്. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമായി വിതരണക്കാർക്ക് നൽകാനായി വൻ സാമ്പത്തിക ബാധ്യതയാണുള്ളത്. കാരുണ്യ സുരക്ഷ പദ്ധതിയിലെ ക്ലെയിമുകളിൽ ആശുപത്രികൾക്ക് മാത്രം 2017 കോടി കൊടുക്കാനുണ്ട്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന് നൽകാനുള്ള കുടിശ്ശിക 476 കോടിയായി ഉയർന്നു.
നിലവിലെ കിഫ്ബി പദ്ധതികൾ നിർത്തുന്നില്ലെന്നും പുതിയ പദ്ധതികൾ തുടങ്ങുന്നത് സംബന്ധിച്ച് യു.ഡി.എഫിൽ ആലോചിച്ച ശേഷം നയപരമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
വെള്ളയിൽ മീനൂസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ അഡ്വ. കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ, അഡ്വ. വിദ്യാ ബാലകൃഷ്ണൻ, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, സി.കെ. കാസിം, ഫൈസൽ ബാബു, ഫാത്തിമ തഹ്ലിയ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, കോഴിക്കോട് കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടർ ഡോ. ഡോ. എം.പി. ബീന, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കലക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതം പറഞ്ഞു.
.jpg)

