മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്ഐആർ
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടങ്കലിൽ പാർപ്പിച്ചതാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ ദുരൂഹമായി തുടരുന്ന തിരോധാനക്കേസിലെ നിർണ്ണായക വഴിത്തിരിവാണിത്.
മാമിയെ കാണാതായ സംഭവത്തെ സാധാരണ തിരോധാനം എന്ന നിലയിൽനിന്ന് തട്ടിക്കൊണ്ടുപോകൽ കേസെന്ന നിലയിലേക്ക് അന്വേഷണം മാറ്റുന്നതാണ് പുതിയ നടപടി. എന്നാൽ, മാമിയെ എവിടേക്കാണ് കൊണ്ടുപോയതെന്നോ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യവും വ്യക്തമല്ല.
ബാലുശ്ശേരി എരമംഗലം സ്വദേശിയായ 56-കാരനായ മാമിയെ 2023 ഓഗസ്റ്റ് 21-നാണ് കാണാതായത്. കോഴിക്കോട് അരയിടത്തുപാലത്തെ ഓഫീസിൽനിന്ന് പിന്നീട് തിരിച്ചെത്താമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി വീട്ടിലെത്തിയില്ല. തുടർന്ന് ഭാര്യ റംലത്ത് ഓഗസ്റ്റ് 22-ന് നടക്കാവ് പൊലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം കാണാതായതിന് കേസെടുക്കുകയുമായിരുന്നു. ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും മൂന്നുവർഷത്തോളമായി മാമിയെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.
.jpg)

