നിർണായക ചുവടുവെയ്പ്പ്: ഇന്ത്യയിൽ ആദ്യമായി പിഎൻ രോഗികൾക്ക് സൗജന്യ ചികിത്സ
ഇന്ത്യയിൽ ആദ്യമായി അപൂർവ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎൻ) രോഗികൾക്ക് സൗജന്യ ചികിത്സ നൽകി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ 'കെയർ' അപൂർവരോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായി പിഎൻ രോഗികൾക്കായി സമഗ്ര ചികിത്സയും മരുന്ന് സഹായവും ആരംഭിച്ചു. പിഎൻ പോലുള്ള അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ ലക്ഷങ്ങൾ ചെലവാകുന്നതിനാൽ കേന്ദ്ര സർക്കാർ എൻപിആർഡി പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് പരിചരണം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം കെയർ പദ്ധതിയിലൂടെയാണ് കേരളം ഇത് മറികടന്നത്.
tRootC1469263">തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുഞ്ഞിനാണ് ആദ്യ മരുന്ന് നൽകിയത്. 10 ലക്ഷം രൂപയുടെ മരുന്നാണ് നൽകിയത്. ഇതോടെ പിഎൻ രോഗികൾക്ക് സംസ്ഥാന സർക്കാർ സംവിധാനത്തിലൂടെ സമഗ്ര ചികിത്സ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമായി.
അപൂർവ രോഗങ്ങൾക്കുള്ള കരുതലിന്റെ കേരളമാതൃകയാണ് കെയർ പദ്ധതി. രോഗനിർണയം മുതൽ മരുന്ന്, പിന്തുണാ സേവനങ്ങൾ, സാമ്പത്തിക-മാനസിക പിന്തുണ തുടങ്ങി ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കെയർ പദ്ധതി ഉറപ്പാക്കുന്നു. അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ്, ഗ്രോത്ത് ഹോർമോൺ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കിയിരുന്നു. രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവർഷം കോടികൾ ചെലവ് വരുന്ന എസ്.എം.എ. തുടങ്ങിയ അപൂർവ രോഗങ്ങൾക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂർവമാണെങ്കിലും ചികിത്സ അപൂർണമാകരുത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
.jpg)


