ഭക്ഷണം വൈകിയതിനെച്ചൊല്ലി സംഘര്‍ഷം; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്.

google news
 hotel

 

ഏറ്റുമാനൂര്‍: ഹോട്ടലില്‍ ഭക്ഷണം വൈകിയതിനെച്ചൊല്ലി ക്രൈംബ്രാഞ്ച് സി.ഐയും ഹോട്ടല്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഭവത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ. കടപ്പൂര് സ്വദേശി ജി. ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. ഐ.പി.സി. 354, എസ്.സി.എസ്.ടി. ആക്ട് എന്നിവപ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്.

ഓഗസ്റ്റ് എട്ടിന് രാത്രി 10.30-ന് സെന്‍ട്രല്‍ ജങ്ഷനിലെ താര ഹോട്ടലിലാണ് അക്രമമുണ്ടായത്. ഇവിടെയെത്തിയ ഗോപകുമാര്‍ ഭക്ഷണം ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാല്‍ താമസമുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. സി.ഐ. ക്ഷുഭിതനായി ഹോട്ടലിന്റെ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ആവശ്യപ്പെട്ടു.

അടുക്കളയുടെയും ജീവനക്കാരുടെയും, ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങളുംമറ്റും മൊബൈല്‍ ഫോണില്‍ പകര്‍ത്താനും തുടങ്ങി. ഭക്ഷണം കഴിക്കാനെത്തിയ ഭര്‍ത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം, ഫോണില്‍ ഫോട്ടോയെടുക്കുന്നത് ചോദ്യംചെയ്തതോടെ സംഘര്‍ഷമായി. ഇതിനിടയില്‍, ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു. ഇതോടെ വലിയ സംഘര്‍ഷമായി. പോലീസെത്തിയപ്പോഴേക്കും സംഘര്‍ഷം തീര്‍ന്നു.

ഇരുകൂട്ടരും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ്, സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് കണ്ടെത്തിയതായി പറയുന്നു. യുവതിയും കുടുംബവും ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴിനല്‍കിയിരുന്നു. ജിസിനെ രണ്ടാംപ്രതിയാക്കിയും കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെതിരേ സി.ഐ. ഗോപകുമാറും പരാതി നല്‍കിയിട്ടുണ്ട്.

 

Tags