വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

google news
swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂനിറ്റിനാണ് അന്വേഷണച്ചുമതല. നേരത്തെയും ഒത്തുതീര്‍പ്പ് ആരോപണമുന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് പ്രാഥമികാന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിജേഷിന്റെ ജില്ലയെന്ന നിലയില്‍ കണ്ണൂര്‍ യൂനിറ്റാണ് അന്വേഷിക്കുന്നത്.

സാധാരണയായി ഡി.ജി.പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്‌വഴക്കം മറികടന്നാണ് ഇപ്പോൾ പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപിച്ചത്.

എന്നാൽ, സംഭവം നടന്നത് ബംഗളൂരുവിലായതിനാൽ ഇവിടെ അന്വേഷണം നടക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags