പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ക്രിക്കറ്റ് കോച്ച് മനുവിന് 47 വര്‍ഷം കഠിന തടവ്

Cricket coach Manu sentenced to 47 years in prison for raping minor student

 തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനുവിന് മൂന്നാമത്തെ കേസില്‍ 47 വര്‍ഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടെതാണ് വിധി. ആദ്യ രണ്ടു കേസിലെയും ശിക്ഷാകാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ.

2018ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ കുട്ടി പരിശീലനത്തിനായി എത്തുന്നത്. പരിശീലനമെന്ന പേലില്‍ നെറ്റ്സിലും ജിമ്മിലേക്കും വിവിധ ശുചിമുറിയിലേക്കും മറ്റും കൊണ്ടു പോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോയും വിഡിയോയും പ്രതി ചിത്രീകരിച്ചു. കുട്ടിയുടെ വീട്ടിലുള്ള നെറ്റ്സില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ കോച്ചിങ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടില്‍നിന്നും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ആരും ഇല്ലാത്ത സമയം നോക്കി പ്രതി പീഡനം നടത്തിയിരുന്നത്. 2021ല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് മാറി. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്ന് വെളിയില്‍ പറഞ്ഞില്ല. 2024 മാര്‍ച്ച് 28ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനി വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ കണ്ടതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വയ്ക്കുകയും ചെയ്തു.

കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെയാണ് മറ്റ് കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. നാലാമത്തെ കേസില്‍ തിങ്കളാഴ്ച വിധി പറയും. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തിയിട്ടുണ്ട്.

Tags