തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ അമ്പിളി ജങ്ഷനില്‍ ഗര്‍ത്തം രൂപപ്പെട്ടു

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ അമ്പിളി ജങ്ഷനില്‍ ഗര്‍ത്തം രൂപപ്പെട്ടു. അര മീറ്ററോളം ഭാഗത്തെ റോഡിന്റെ ഉപരതിലം പൊളിഞ്ഞാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തത്തിന്റെ വ്യാപ്തി ഉപരിതലത്തില്‍ വ്യക്തമല്ല. ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഇതുവഴി ഒരു വരിയായാണ് ഗതാഗതം കടത്തിവിടുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കുഴിയുടെ അപകടനില തിരിച്ചറിയുന്നത്. തിരുവല്ലയില്‍ നിന്ന് കാവുംഭാഗം ദിശയിലേക്ക് പോകുമ്പോള്‍ അമ്പിളി ജങ്ഷനിലെ വളവുകഴിഞ്ഞ് ഇടതുഭാഗത്താണ് അപകടാവസ്ഥ. റോഡുനിരപ്പിലെ ഇവിടെ കലുങ്ക് പണിതിട്ടുണ്ട്.
കലുങ്കിന്റെ സംരക്ഷണ ഭിത്തി ചേരുന്ന ഭാഗമാണ് കുഴിയായിരിക്കുന്നത്. മധ്യഭാഗത്തെ മീഡിയന് സമീപം റോഡില്‍ നനവുണ്ട്. ഇവിടം വരെ കുഴി രൂപപ്പെടാനുളള സാധ്യത പൊതുമരാമത്ത് വിഭാഗം കണക്കാക്കുന്നുണ്ട്. ജലവിതരണ പൈപ്പ് പൊട്ടിയതുമൂലം മണ്ണ് നീങ്ങിയാണ് ഗര്‍ത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത. തുടര്‍ നടപടികള്‍ കെ.ആര്‍.എഫ്.ബിയാണ് സ്വീകരിക്കേണ്ടത്.