സി.പി.എം-ബി.ജെ.പി ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍; പിണറായി കേരളത്തില്‍ ബി.ജെ.പിയുടെ ക്യാപ്റ്റനായി - കെ.സി.വേണുഗോപാല്‍ എംപി
സ്വന്തക്കാരെയും ബന്ധുക്കളെയും രക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍പില്‍ സാഷ്ടാംഗം വീണ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് കേരളത്തിലെ നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി .
ഇതുവരെ സി.പി.എമ്മിന്റെ ക്യാപ്റ്റനായിരുന്ന പിണറായി ഇപ്പോള്‍ കേരളത്തില്‍ ബി.ജെ.പിയുടെ ക്യാപ്റ്റനായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ ഏറ്റവുമധികം ആക്രമിച്ചു കൊണ്ടിരുന്നത് ബി.ജെ.പിയും ആര്‍.എസ്.എസ്സുമാണ്. ഇപ്പോള്‍ ആ ഉത്തരവാദിത്തം പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുകയാണ്.
അങ്ങനെയുള്ള പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്. ഇന്ത്യയില്‍ ആരെങ്കിലും അതു വിശ്വസിക്കുമോ? പിണറായി പറഞ്ഞ ആ വലിയ തമാശ കേട്ട് കേരളം ചിരിക്കുകയാണ്. അതു കേട്ട് ഞങ്ങളും ചിരിക്കുന്നുണ്ടെന്ന് പിണറായി അറിഞ്ഞോട്ടെ.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായപ്പോള്‍ പിണറായിക്ക് സമനില തെറ്റിയിരിക്കുകയാണ്. ജി.സുധാകരനെപ്പറ്റി പിണറായി പറഞ്ഞ ഭാഷയില്‍ പിണറായിയെപ്പറ്റി ഞങ്ങള്‍ക്കു പറയാന്‍ പറ്റില്ല. ആ ഭാഷ അദ്ദേഹത്തിനേ പരിചയമുള്ളൂ.
ബി.ജെ.പിയുമായി ഡീലുണ്ടാക്കാതെ പിണറായി വിജയന് ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. കേരളത്തിന്റെ താല്‍പര്യങ്ങളോ പാര്‍ട്ടിയുടെ താല്‍പര്യങ്ങളോ അല്ല, സ്വന്തം വ്യക്തിതാല്‍പര്യങ്ങള്‍ മാത്രമാണ് പിണറായിക്ക് മുഖ്യം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി എല്ലാ ആശയങ്ങളെയും അടിയറ വെയ്ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. അതു കൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്രയേറെ ഉരുള്‍പൊട്ടലുണ്ടാകുന്നത്.
.jpg)


