തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പാർട്ടിക്കെതിരേയും നേതാക്കൾക്കെതിരേയും നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാനൊരുങ്ങി സിപിഎം. ഇതിനായി 300 അംഗ ലീഗൽ സെൽ ആരംഭിക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് ഈ സുപ്രധാന നടപടി. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല നൽകിയിരിക്കുന്നത്. ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലായിരിക്കും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇതിനു പുറമേ എല്ലാ ജില്ലകളിലുമായി പ്രത്യേക അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെയും വ്യക്തിഹത്യകളെയും പ്രതിരോധിക്കുന്നതോടൊപ്പം, വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും പാർട്ടി സജ്ജമാക്കിയിട്ടുണ്ട്. പാർട്ടിക്ക് എതിരായ വ്യാജപ്രചാരണങ്ങളെ ശക്തമായും നിയമപരമായും നേരിടാൻ ലീഗൽ സെൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പി. രാജീവ് വ്യക്തമാക്കുന്നത്.