ഇഷ്ടമില്ലാത്തവരെ 'സംഘി'യാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണം: മന്ത്രി റോജി എം. ജോണ്‍
പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) ചെയര്‍പേഴ്സണായി ഡോ. വിനോദ് കുമാര്‍ കല്ലോലിക്കലിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഉയര്‍ന്ന അക്കാദമിക് യോഗ്യതയും ഗവേഷണ മികവുമുള്ള വ്യക്തിയെയാണ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നതെന്നും ഇഷ്ടമില്ലാത്തവരെ സംഘിയാക്കുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
റോജി.എം.ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (KCHR) ചെയര്‍പേഴ്സണായി ഡോ. വിനോദ് കുമാര്‍ കല്ലോലിക്കലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഈ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് മറ്റ് യാതൊരുവിധ സ്ഥാപിത താല്പര്യങ്ങളുമില്ല. ഉയര്‍ന്ന അക്കാദമിക് യോഗ്യതകളും നിസ്തുലമായ ഗവേഷണ പരിചയവുമുള്ള ഒരു ചരിത്ര അധ്യാപകനെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പദവിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഡോ. വിനോദ് കുമാറിന് 'യോഗ്യതയില്ല' എന്ന് മുറവിളി കൂട്ടുന്നവര്‍ അദ്ദേഹത്തിന്റെ ബൃഹത്തായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ PhD നേടിയ അദ്ദേഹം, ബാംഗ്ലൂരിലെ ട്രാന്‍സ്-ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുള്ള, UGC, ICHR തുടങ്ങി വിദേശ ഏജന്‍സികളുടേതടക്കം സുപ്രധാന ഗവേഷണ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള മികച്ചൊരു ചരിത്ര ഗവേഷകനാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച 21 ഗ്രന്ഥങ്ങളുടെ രചനയും എഡിറ്റിംഗും നിര്‍വഹിച്ച അദ്ദേഹം, ദേശീയ-അന്താരാഷ്ട്ര ജേണലുകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ അധ്യാപന പരിചയവും മഹാരാജാസ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളും MG യൂണിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വവും അദ്ദേഹത്തിന്റെ മികവിന് തെളിവാണ്. കീഴാള-ഗോത്ര ജനവിഭാഗങ്ങളുടെ ചരിത്രവും പാരമ്പര്യ വൈദ്യവും മുഖ്യവിഷയമാക്കി ആഴത്തില്‍ പഠനം നടത്തുന്ന ഇത്തരം ഒരു ചരിത്രകാരനെയാണ് യോഗ്യതയില്ലാത്തയാള്‍ എന്ന് ആക്ഷേപിക്കുന്നത്.
ഇടത് അധ്യാപക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ച കാലത്തൊന്നും ഡോ. വിനോദ് കുമാറിന് 'സംഘപരിവാര്‍ ബന്ധം' കാണാതിരുന്ന പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വിനോദ് കുമാര്‍ അനഭിമതനായി മാറിയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. മഹാരാജാസ് കോളേജില്‍ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രമുഖ നേതാവ് എഴുതാത്ത പരീക്ഷയ്ക്ക് പാസാകാന്‍ ശ്രമിച്ചപ്പോള്‍, അതിന് കൂട്ടുനില്‍ക്കാതെ അക്കാദമിക സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതായിരുന്നു അദ്ദേഹം ചെയ്ത 'കുറ്റം'. അന്ന് തുടങ്ങിയ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ KCHR നിയമനത്തില്‍ അദ്ദേഹത്തിന് സംഘിച്ചാപ്പയടിച്ചു നല്കുന്നതിലേക്ക് എത്തിനില്‍ക്കുന്നത്. രാഷ്ട്രീയമായി തങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും സംഘിച്ചാപ്പയടിച്ച് നല്കുന്ന CPMന്റെ സ്ഥിരം ഏര്‍പ്പാട് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം.
KCHR ഉള്‍പ്പെടെ കേരളത്തിലെ ഒരു അക്കാദമിക സ്ഥാപനത്തെയും രാഷ്ട്രീയവല്ക്കരിക്കേണ്ടുന്ന യാതൊരു അജണ്ടയും സര്‍ക്കാരിനില്ല എന്നുമാത്രമല്ല, അത്തരത്തിലുള്ള യാതൊരു ശ്രമങ്ങള്‍ക്കും ഞങ്ങള്‍ കൂട്ട് നില്ക്കുകയുമില്ല. അര്‍ഹതയും യോഗ്യതയുമുള്ളവര്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളുടെ അമരത്തുണ്ടാവുക. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ അക്കാദമിക് സമൂഹത്തെ അധിക്ഷേപിക്കുന്ന നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്മാറുകയാണ് വേണ്ടത്.
.jpg)

