മദ്യത്തിന്റെ നികുതി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ലെന്ന് സിപിഎം
തിരുവനന്തപുരം: മദ്യത്തിന്റെ നികുതി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ട് ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ വിഡി സതീശന്റെ നടപടിയാണ് ചര്‍ച്ചാ വിഷയമായത്. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാതെ കള്ള പ്രചാരവേലകള്‍ നടത്തി പുകമറ സൃഷ്ടിക്കാനാണ് ചിലമാധ്യമങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ നികുതി കുറച്ച് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല. അതുവഴി മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിട്ടില്ല. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന് ഹോര്‍ട്ടി വൈനിനും ഹോര്‍ട്ടി ലിക്വറിനും അനുമതി നല്‍കുകയാണ് ചെയ്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം കണക്കിലെടുത്ത് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കുകയും ചെയ്തു. 2022 - 23 ലെ മദ്യ നയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉള്‍പ്പെടെ ചര്‍ച്ച ചെയ്താണ് ഇത്തരം വിഭാഗങ്ങളെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. സുതാര്യമായ നടപടിയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായത്.
മുഖ്യമന്ത്രി ചെയ്തതുപോലെ വീര്യം കുറഞ്ഞ മദ്യത്തിന് വന്‍തോതില്‍ നികുതി ഇളവ് നല്‍കി സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും വന്‍കിട ഡിസ്റ്റിലറികള്‍ക്ക് നേട്ടമുണ്ടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മദ്യ കമ്പനികള്‍ സതീശന് മുന്നില്‍ ഉന്നയിച്ച ഇത്തരം ആവശ്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുകയേ ചെയ്തില്ല. കാര്‍ഷികോത്പന്നങ്ങളായിട്ടുപോലും ഹോര്‍ട്ടി വൈനിനും ഫെനിക്കും നികുതിയില്‍ ഇളവ് നല്‍കി ഖജനാവിന് നഷ്ടമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ഹോര്‍ട്ടി വൈനിലൂടെ മാത്രം 80 കോടി രൂപ സര്‍ക്കാരിന്അധിക വരുമാനം ഉണ്ടാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. 80 കോടി സര്‍ക്കാര്‍ ഖജനാവില്‍ നല്‍കിയ എല്‍ഡിഎഫും 600 കോടി രൂപ മദ്യരാജാക്കന്മാര്‍ക്കി ഇളവു നല്‍കിയ മുഖ്യന്ത്രിയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു താരതമ്യവും സാധ്യവുമല്ല.
വന്‍കിട മദ്യകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ 600 കോടി ഖജനാവിന് നഷ്ടം വരുത്താന്‍ മിന്നല്‍ വേഗതയില്‍ ഫയല്‍ നീക്കം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നര വര്‍ഷം ഒരു നടപടിയും സ്വീകരിക്കാത്ത ഫയലിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപ്പെട്ട് മുഖ്യമന്ത്രി നികുതിയളവ് നല്‍കിയത്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലകൊണ്ടൊന്നും അഴിമതിക്കറയില്‍ നിന്ന് വി ഡി സതീശനെ രക്ഷിച്ചെടുക്കാനാവില്ലെന്ന് സിപിഎം പ്രസ്താവനയില്‍ പറയുന്നു.
.jpg)

