പാരഡിയെ പേടിക്കുന്ന അത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറി ; പി.സി. വിഷ്ണുനാഥ്

pc vishnunadh
pc vishnunadh

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാട്ടിനെതിരെയുള്ള സി.പി.എം പരാതിയെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പാരഡിയെ പേടിക്കുന്ന അത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്ന് വിഷ്ണുനാഥ് പറഞ്ഞു.

tRootC1469263">

ഒരു പാരഡി പാട്ടിനെതിരെ പരാതിയുമായി പോകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണ്. ആ കോമഡിയിലേക്കാണ് ഇപ്പോൾ സി.പി.എം എത്തിയിരിക്കുന്നത്. ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുക. എന്നിട്ട് ഒരു പാട്ട് തങ്ങളെ പേടിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിക്കുക. ഈ അവസ്ഥ അങ്ങേയറ്റം ദയനീയവും സഹതാപം അർഹിക്കുന്നതുമാണെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

ശബരിമലക്കൊള്ളക്കെതിരെ ഒരു എഴുത്തുകാരന്റെ സർഗാത്മകമായ പ്രതിഷേധമാണ് ആ പാരഡി പാട്ട്. അത് കേട്ടിട്ട് ആർക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടങ്കിലത് സ്വർണ്ണം മോഷ്ടിച്ചതിന് പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് മാത്രമാണ്. ഇടതു സർക്കാരിന്റെ ഭരണപരാജയത്തിനും അഴിമതിക്കും എതിരെ ജനം തെരഞ്ഞെടുപ്പിൽ നൽകിയ തിരിച്ചടിയിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളുന്നതിന് പകരം പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് അപഹാസ്യമാണ്. ജനങ്ങൾക്ക് ഈ മാസം രണ്ടാമതൊരു വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നേൽ ഇതിനും കൂടി ചേർത്തുള്ള പ്രതികരണം അവർ നടത്തുമായിരുന്നുവെന്നും വിഷ്ണുനാഥ് പരിഹസിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യമേഖലയിലെ സമ്പൂർണ തകർച്ച തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം. അത് മനസിലാക്കാത്ത സി.പി.എമ്മിന് ജനം നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിലും വലിയ തിരിച്ചടി നൽകും. പാരഡി ഗാനം എന്ന സ്പിരിറ്റിൽ സി.പി.എം ഇതിനെയെടുക്കണം. കേസെടുക്കുന്നത് ഉചിതമല്ല. ഈ പാരഡി പാട്ട് കോൺഗ്രസ് ഇറക്കിയതല്ല. അതിന്റെ അണിയറ പ്രവർത്തകരെ കണ്ടെത്തിയത് മാധ്യമങ്ങളാണെന്നും പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരെയാണ് സി.പി.എം പരാതി നൽകുന്നത്. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല​ ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സി.പി.എം പരാതി നൽകുമെന്ന് അറിയിച്ചത്.

പരാതി ഗൗരവ സ്വഭാവത്തിൽ അന്വേഷിക്കണമെന്ന്​ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു​. ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികലമാക്കിയെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.

ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണം. പാരഡി ഗാനത്തിൽ അയ്യപ്പന്​ ശരണം വിളിക്കുന്നത്​ അപമാനകരമാണ്​. ഗാനം ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്. പാട്ട്​ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണം. ഭക്തിഗാനത്തിന്റെ ഈണത്തിൽ പാരഡി ഇറക്കിയത് ശരിയായില്ലെന്നും അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

Tags