പഴമ്പാലക്കോട് സംഘര്‍ഷം: സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍

arrested

പാലക്കാട്: സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായ പഴമ്പാലക്കോട് സംഭവത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമുള്‍പ്പടെ എട്ട് പേര്‍ കൂടി അറസ്റ്റിലായി. രണ്ട് കേസുകളിലായാണ് എട്ട് പേര്‍ അറസ്റ്റിലായത്. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ ബലമായി ഇറക്കി കൊണ്ടു പോയ സംഭവത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി. പൊന്നുക്കുട്ടന്‍(54), എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. അജ്മല്‍ (26), ഡി.വൈ.എഫ്.ഐ. കാട്ടുശ്ശേരി മേഖല സെക്രട്ടറി സന്തോഷ്(36), മേഖല കമ്മിറ്റി അംഗങ്ങളായ ആര്‍. റെനിരാജ് (31), അക്ഷയ്കുമാര്‍ (28) എന്നിവരും യുവമോര്‍ച്ച പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ച കേസില്‍ സി.പി.എം വടക്കേപാവടി ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍(45), തോണിപ്പാടം കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറി സുബൈര്‍ (40), തരൂര്‍ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറും സി.പി.എം പ്രവര്‍ത്തകനുമായ ദേവദാസ് (30) എന്നിവരുമാണ് പിടിയിലായത്.

ഇതോടെ പഴമ്പാലക്കോട് സംഘര്‍ഷവുമായി 15 പേര്‍ അറസ്റ്റിലായി. പഴമ്പാലക്കോട് ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷം, ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ ബലമായി മോചിപ്പിച്ച സംഭവം, ഇരു സ്ഥലത്തും പോലീസുമായുണ്ടായ സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ടാലറിയാവുന്ന ഇരുനൂറോളം പേരാണ് കേസുകളില്‍ പ്രതികളായിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തി പോസ്റ്റിട്ടവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പഴമ്പാലക്കോട് പോലീസ് പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ഇതിനു ശേഷമേ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.


പോലീസ് ഉദ്യോഗസ്ഥരെ നീക്കാന്‍ സി.പി.എം. നീക്കം.ആലത്തൂര്‍ പഴമ്പാലക്കോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് തരൂര്‍ പാര്‍ട്ടി ഓഫീസില്‍ കയറി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെ ഉള്‍പ്പടെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിലെ ഉന്നതരെ നീക്കാന്‍ സി.പി.എം. നീക്കം. ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ. എം.ആര്‍. അരുണ്‍കുമാര്‍, സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ എന്നിവരെ നീക്കാനാണ് സി.പി.എം ആലത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ നീക്കം. എന്നാല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പാര്‍ട്ടി ഏതായാലും കേസെടുക്കണമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്. ആലത്തൂര്‍ ഏരിയാ കമ്മിറ്റി നീക്കത്തിന് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അനുകൂലമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.  

Share this story