സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരെ പരാതി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരെ പരാതി . ചെങ്ങന്നൂരിൽ നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുമതാചാരത്തിന്റെ ഭാഗമായി ക്ഷേത്ര മൂർത്തിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിന് ഉപയോഗിക്കുന്ന പവിത്ര വാഹനമായ ജീവിതയെ വികലമായി അവതരിപ്പിച്ചതിനെതിരേയാണ് പോലീസില്‍ പരാതി നൽകിയത് . ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവല്ല ബാറിലെ അഭിഭാഷകനും ഓ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ.വി. അരുണ്‍ പ്രകാശ് ആണ് ഡി.ജി.പി, ആലപ്പുഴ എസ്.പി, ചെങ്ങന്നൂര്‍ എസ്.എച്ച്.ഓ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
തിങ്കളാഴ്ച വൈകിട്ട് ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥാ സ്വീകരണ ചടങ്ങിനിടെയാണ് ജീവിതയെ അവഹേളിച്ചതെന്ന് പരാതിയിൽ പറയുന്നു . ക്ഷേത്രവിശ്വാസികളുടെ ആചാരമായ ജീവിത അതേ രീതിയില്‍ ഉണ്ടാക്കി അതില്‍ സി.പി.എമ്മിന്റെ ചിഹ്‌നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ചതിന് ശേഷം രണ്ടു പേര്‍ ചേര്‍ന്ന് തോളിലെടുത്ത് ക്ഷേത്രങ്ങളില്‍ ജീവിത എഴുന്നള്ളിക്കുമ്പോഴുള്ള അതേ ചെണ്ടവാദ്യങ്ങള്‍ ഉപയോഗിച്ച് തുള്ളുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കണ്ട് ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വാസികള്‍ക്ക് മനോവേദനയും വിഷമവും ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു .ജാഥയുടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍, കൃത്രിമ ജീവിത തോളിലേറ്റിയ രണ്ടു പേര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി.
സി.പി.എം മുന്‍പ് ഇതേ രീതിയില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും തന്റെ പരാതി പോലീസ് അവഗണിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് അരുണ്‍ പ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.