തളിപ്പറമ്പ് കണികുന്നില്‍ വീണ്ടും സി.പി.എം-സി.പി.ഐ സംഘഷം, സി.പി.എം കാൽനട പ്രചരണ ജാഥ തടഞ്ഞു
തളിപ്പറമ്പ് കണികുന്നില്‍ വീണ്ടും സി.പി.എം-സി.പി.ഐ സംഘഷം, ഇരു വിഭാഗം പ്രവർത്തകരും തമ്മില്‍ ഉന്തുതള്ളും വാക്കേറ്റവും നടന്നു. സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഞായറാഴ്ച്ച വെകുന്നേരം നാലരയോടെ കണികുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം.
സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതായി സി.പി.ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.
സിപി.എം ശക്തികേന്ദ്രമായ കണികുന്നില്‍ സി.പി.ഐക്കാരില്ലെന്നും ഇവിടെ പ്രസംഗം വേണ്ടെന്നും സി.പി.എമ്മുകാര്‍ പറഞ്ഞതായി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന്‍ പറഞ്ഞു.
കോമത്ത് മുരളീധരന്‍ സി.പി.എം പ്രവര്‍ത്തകനായിരിക്കെ മറ്റ് പാര്‍ട്ടികളെ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ നീ പ്രസംഗിക്കണ്ട എന്നും സി.പി.എം പ്രവര്‍ത്തകര്‍ മുരളീധരനോട് പറഞ്ഞു.
സജിത്ത്, വിജേഷ് എന്നീ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുഴപ്പമുണ്ടാക്കിയതെന്ന് സി.ലക്ഷ്മണന്‍ ആരോപിച്ചു. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് സംഘര്‍ഷം തടഞ്ഞത്.
ജാഥ പിന്നീട് പോലീസ് അകമ്പടിയോടെ തുടരുകയും പുളിമ്പറമ്പില്‍ സ്വീകരണത്തിന് ശേഷം മാന്തംകുണ്ടില്‍ സമാപിക്കുകയും ചെയ്തു.
ഉച്ചക്ക് ശേഷം രണ്ടിന് തിട്ടയില്‍ പാലത്തില്‍ നിന്നും ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥന്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. സംഭവത്തില്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു