സിപിഎം വ്യക്തിപൂജയ്ക്ക് ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്തുന്നു:അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

google news
martin

കണ്ണൂര്‍: സിപിഎമ്മിലെ വിഭാഗീയതയില്‍ കരുത്തു തെളിയിക്കാന്‍ ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്തുന്ന പ്രവണത വിശ്വാസിസമൂഹത്തോടുള്ള അവഹേളനമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.കതിരൂര്‍ പുല്യോട് കുരുംബക്കാവിലെ കലശമെഴുന്നള്ളിപ്പ് പി.ജയരാജന്റേയും ചെഗുവേരയുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത് ആഘോഷമാക്കിയത് പരിഹാസ്യമാണ്. വ്യക്തിപൂജ വിലക്കിയെന്ന് പറയുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് എല്ലാ അതിരുകളും കടക്കുന്ന വ്യക്തിപൂജയാണ്. 

പാര്‍ട്ടി സമ്മേളനങ്ങളിലും പ്രകടനങ്ങളിലും നിങ്ങള്‍ ഏതു നേതാവിനെ കൊണ്ടാടുന്നതും എതിര്‍ക്കുന്നില്ല. എന്നാല്‍ വിശ്വാസികള്‍ വളരെ പവിത്രമായി കരുതുന്ന കലശമെഴുന്നള്ളിപ്പു പോലുള്ള ആചാരങ്ങളില്‍ സിപിഎം നേതാക്കളുടെ ചിത്രങ്ങള്‍ എഴുന്നള്ളിക്കുന്നത് അരോചകമാണ്. പാര്‍ട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരില്‍ പ്രവര്‍ത്തക പിന്തുണയുണ്ടെന്നു വരുത്താന്‍ ഇത്തരം ചെയ്തികള്‍ക്കു കൂട്ടു നില്‍ക്കുന്നത് ഒരു നേതാവിനും ഭൂഷണമല്ല. ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വാസ സമൂഹം കൊണ്ടു നടക്കട്ടെ. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതാരായാലും അവരെ വിശ്വാസ സമൂഹം ഒറ്റപ്പെടുത്തണം.

 ക്ഷേത്രാചാരങ്ങളില്‍ തലയിട്ട് സിപിഎമ്മും -ആര്‍എസ്എസും , സിപിഎമ്മുകാര്‍ തമ്മിലും നടത്തുന്ന ബലപരീക്ഷണങ്ങളും അതിന്റെ പേരിലുള്ള ഇത്തരം ചെയ്തികളും  ആചാരങ്ങളുടേയും ആഘോഷങ്ങളുടേയും അന്ത:സത്തയെ തന്നെയാണ് ഇല്ലാതാക്കുന്നത്. ക്ഷേത്രാചാരങ്ങളുടെ പവിത്രത ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ഉണ്ടാകണം. രാഷ്ട്രീയനേതൃത്വങ്ങളാണ് ഇക്കാര്യത്തില്‍ വിവേകപൂര്‍ണമായ സമീപനം പുലര്‍ത്തേണ്ടത്. പുരോഗമന പ്രസ്ഥാനമെന്നൊക്കെ മേനി പറയുന്ന സിപിഎം നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എന്തു മാത്രമുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രകടനങ്ങളെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags