വെള്ളാപ്പള്ളി നടേശനോട് പ്രതികരിക്കാതെ അവഗണിക്കാന്‍ തീരുമാനിച്ച് സിപിഐ

CPI

വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളില്‍ സിപിഐ നേതാക്കളുടെ ഭാഗത്തുനിന്നും പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകില്ല.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ സിപിഐ. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളില്‍ മറുപടി നല്‍കേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളില്‍ സിപിഐ നേതാക്കളുടെ ഭാഗത്തുനിന്നും പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകില്ല. വെള്ളാപ്പള്ളിയെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

tRootC1469263">

സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിക്കുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടിക്കുവേണ്ടി തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നുമടക്കം നിരവധി വിമര്‍ശനങ്ങള്‍ വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. എന്നാല്‍ ചതിയന്‍ ചന്തുവെന്ന പ്രയോഗം കൂടുതല്‍ ചേരുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പാര്‍ട്ടിക്ക് സംഭാവനയായി വെള്ളാപ്പള്ളി നടേശന്‍ പണം തന്നിട്ടുണ്ടെന്നും അനധികൃതമായി പണം കൈപ്പറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഇടതിന്റെ നട്ടെല്ല് ഈഴവ പിന്നാക്ക വിഭാഗങ്ങളാണെന്നും സിപിഐയുടെ നവ നേതാക്കള്‍ക്ക് ഇപ്പോള്‍ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോ പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ തങ്ങളാരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന വിമര്‍ശനം സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ അവഗണിക്കാനുള്ള സിപിഐയുടെ തീരുമാനം.

Tags