‘സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചത്, നടത്തിയത് സ്വയം വിമർശനം’ ; അധിക്ഷേപ പരാമർശത്തിൽ മലക്കം മറിഞ്ഞ് മന്ത്രി സി പി ജോൺ
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കേരളത്തിലെ തൊഴിലാളി വർഗത്തിന്റെ പ്രശ്‌നം മനസിലാക്കാൻ താൻ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് നടത്തിയതെന്നാണ് വിശദീകരണം. പ്രസ്താവന എണ്ണമിട്ട് പറഞ്ഞപ്പോൾ അത് താങ്കൾ നടത്തിയ പ്രസംഗമാകുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി.
കേരളത്തിലെ കുടുംബിനികളുടെ പ്രശ്‌നം മനസിലാക്കിയാണ് തങ്ങൾ ഇത്തരത്തിൽ ഒരു പദ്ധതി കൊണ്ടുവന്നത്. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗത രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും മനസിലാക്കാൻ ആയില്ല. അത് മനസിലാക്കിയത് രാഹുൽ ഗാന്ധി മാത്രമാണ്. അതു കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ഉണ്ടായത്. അതിനെ അഭിനന്ദിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സി പി ജോൺ പറഞ്ഞു. പൊതു വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടാനുണ്ട്. കേരളത്തിലെ ജനതയ്ക്കുണ്ടായ ദാരിദ്ര്യത്തെ മറികടക്കാൻ നല്ല വിദ്യാഭ്യാസം വേണം എന്നത് കൊണ്ടാണ് സ്വകാര്യ സ്‌കൂളുകളിൽ തള്ളിക്കേറുന്നതെന്നും വിവാദ പരാമർശത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് മന്ത്രി പറഞ്ഞത്. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും വിവാദങ്ങൾ ആകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഇനിയും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ അവകാശമാണ്. അത് തങ്ങൾ കൊടുത്തു. തങ്ങളെ പോലെ കുട്ടികൾക്ക് ബുദ്ധിമുട്ട് വരരുതെന്ന് രക്ഷകർത്താകക്കൾ ആഗ്രഹിക്കുന്നു. ഒന്നും ഔദാര്യമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സി പി ജോൺ വിശദീകരിച്ചു.
.jpg)

