വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; ഇ പി ജയരാജനെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Court orders re-investigation against EP Jayarajan in Youth Congress workers assault case on flight

തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ ഇ പി ജയരാജനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഇ പി ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക നടപടി. പുതിയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ജയരാജനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന വലിയതുറ പൊലീസിന്റെ റിപ്പോര്‍ട്ടും കോടതി തള്ളി.

2022-ല്‍ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നേരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. പരാതി അന്വേഷിച്ച പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പരാതി തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ജയരാജനും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ അനില്‍കുമാറിനുമെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ആദ്യപടിയെന്നോണം കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ പൊലീസ് തയ്യാറാവും. പുനരന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റേതടക്കമുള്ളവരുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തിയേക്കും. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിലവിലുള്ള കേസിന് സമാന്തരമായിട്ടായിരിക്കും ജയരാജനെതിരെയുള്ള ഈ അന്വേഷണവും മുന്നോട്ട് പോവുക.

Tags