സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ; തിങ്കളാഴ്ച രാവിലെ 8 മുതൽ ജനവിധി അറിയാം
സംസ്ഥാനത്ത് മറ്റന്നാൾ (തിങ്കളാഴ്ച) നടക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും.
വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെയാണ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. 140 ആർ.ഒമാർ, 1,340 അഡീഷണൽ എ.ആർ.ഒമാർ, 4,208 മൈക്രോ ഒബ്‌സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാകും. ഒബ്സർവറുടെ സാക്ഷ്യപത്രത്തോടെയും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലുമായിരിക്കും പൂർണ്ണമായും വീഡിയോ റെക്കോർഡിംഗോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കുക.
ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്നതിനായി പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. വോട്ടെണ്ണൽ ഹാളിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും കയ്യിൽ കരുതണം.
വോട്ടെണ്ണൽ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇവർ ഹാളിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. വോട്ടെണ്ണൽ പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ വോട്ടിംഗുമായും വോട്ടെണ്ണലുമായും ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇൻഡക്സ് കാർഡ് പ്രസിദ്ധീകരിക്കും. കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്.
.jpg)

