കൂവേരി സംഭവം : വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിവേണം : എം വി ജയരാജൻ

mvj
mvj

കണ്ണൂർ : ഉളിയിൽ കൂവേരിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംഭവം മറയാക്കി സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ കള്ളവാർത്ത നൽകുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ്‌ നാലിനാണ്‌ സംഭവം. ആക്രി ശേഖരിച്ച്‌ വണ്ടിയിൽ കയറ്റാൻ എത്തിയവർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സംശയത്തിലാണ്‌ പ്രദേശത്ത്‌ നാട്ടുകാർ തടിച്ചുകൂടിയത്‌. ഓടിക്കൂടിയവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു.

നിലവിൽ തൽപ്പരകക്ഷികൾ കള്ളവാർത്തയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്ന വീഡിയോയിലെ വ്യക്തികൾ ആരെല്ലാമെന്ന്‌ പ്രദേശത്തുള്ളവർക്ക്‌ അറിയാം. ഇതെല്ലാം മറച്ചുവച്ചാണ്‌ നാട്ടിൽ വിഭാഗീയത പടർത്തി കലാപം സൃഷ്ടിക്കാൻ സിപിഐ എമ്മിന്റെ മേൽ പഴിചാരിയുള്ള വൃത്തികെട്ട പ്രചരണം. സംഭവദിവസം ആക്രിശേഖരിക്കുന്നവരിൽ പെട്ടയാളെ പൊലീസിന്‌ നാട്ടുകാർ കൈമാറിയതാണ്‌. തൽസമയം സ്ഥലത്തുണ്ടായിരുന്ന
കെ സി സുരേഷ്‌ബാബു നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മട്ടന്നൂർ പൊലീസിൽ പരാതിയും നൽകി.

ഏതു സംഭവത്തെയും വക്രീകരിച്ച്‌ നാട്ടിൽ അശാന്തി പടർത്താൻ വ്യാജവാർത്ത നിർമ്മിച്ച്‌ പ്രചരിപ്പിക്കുന്നവർക്ക്‌ നാദാപുരം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതികളിൽനിന്ന്‌ കനത്ത തിരിച്ചടിയേറ്റു. കള്ളവാർത്താ സംഘങ്ങൾക്ക്‌ നേരിട്ട ജാള്യതയും നാണക്കേടും പരിഹരിക്കാൻ  പുതിയ കള്ളവാർത്തകൾ സൃഷ്ടിക്കുകയാണ്‌ ഇത്തരക്കാർ. വർഗീയ രാഷ്‌ട്രീയക്കാർ ഏതറ്റം വരെയുമുള്ള വൃത്തികെട്ട പ്രചരണം നടത്തുമെന്നതിന്റെ തെളിവാണിപ്പോൾ ഉളിയിൽ സംഭവം മറയാക്കി നടത്തുന്ന നെറികെട്ട പ്രചരണം. പള്ളിയിൽ ബാങ്ക്‌ വിളിക്കാൻ വിട്ടില്ല എന്ന ഹീനമായ കുപ്രചരണം പാർടിക്കെതിരെ നടത്തി പരാജയപ്പെട്ട സംഘമാണ്‌ നാട്ടിൽ കലാപം ലക്ഷ്യമിട്ട്‌ ഉളിയിൽ സംഭവം പുതിയ കള്ളക്കഥയാക്കി നവമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നത്‌.

ഇല്ലാക്കഥയുണ്ടാക്കുകയും അതിന്‌ നാട്ടിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ബിജെപി, യുഡിഎഫ്‌ നീക്കം അപകടകരമാണ്‌. ഇത്തരം പ്രചരണങ്ങൾക്കെതിരെ ജനങ്ങൾ അകലം പാലിച്ച്‌ കരുതലോടെ നീങ്ങണം. ഉളിയിൽ സംഭവം മറയാക്കി ഹീനമായ കള്ളവാർത്തകൾ നവമാധ്യമങ്ങളിൽ നൽകുന്നതിന്റെ ഉറവിടവും വ്യാപനവും കണ്ടെത്താൻ പൊലീസ്‌ ജാഗ്രത
കാണിക്കണമെന്നും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

Tags