വിവാദ പ്രസംഗത്തിന് ദിവസങ്ങള്‍ക്ക്മുന്‍പ് തലശേരി ആര്‍ച്ച് ബിഷപ്പും ബി.ജെ.പി, ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം പുറത്ത്

google news
arch8

കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിവാദ പ്രസ്താവന നടത്തിയത്
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.  

ബിജെപി ജില്ല പ്രസിഡന്റ് എന്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പിനെ കണ്ടത്.  ശനിയാഴ്ചയാണ് റബ്ബര്‍ വില കൂട്ടിയാല്‍ ബി ജെ പിയെ സഹായിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് ആലക്കോട് പ്രസംഗിച്ചത്.  കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്.

വിവാദ പ്രസ്താവനയ്ക്ക് ശേഷം വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ബി ജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നോ യെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് കൃത്യമായി മറുപടി നല്‍കില്ല. ബിഷപ്പ് ഹൗസിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ആര്‍ക്കും എപ്പോഴും വന്ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപിയെ സഹായിക്കാമെന്നല്ല കര്‍ഷകരെ സഹായിക്കുന്ന പാര്‍ട്ടിയെ തിരിച്ചും സഹായിക്കും എന്നാണ് പറഞ്ഞതെന്ന് ബിഷപ്പ് വിശദീകരിച്ചു. എന്നാല്‍ ബിജെപി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും അയിത്തം കല്‍പ്പിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ച്ച് ബിഷപ്പോ, ബിജെപി നേതൃത്വവുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags