ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവാദ പ്രസ്താവന ; ടി ജി മോഹന്‍ദാസിനെതിരെ പരാതി
ടി ജി മോഹന്‍ദാസിനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തകര്‍. ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. സീന ഭാസ്‌കര്‍, പ്രീത ജി പി, വിജു വര്‍മ്മ എന്നിവരാണ് പരാതി നല്‍കിയത്. ടി ജി മോഹന്‍ദാസിനെതിരെ ലൈംഗിക അതിക്രമ ആഹ്വാനത്തിനും വര്‍ഗീയ പ്രചാരണത്തിനും കേസെടുക്കണം എന്നാണ് ആവശ്യം. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുളള 'അധികാരം ലഭിച്ചാല്‍ എല്ലാവരെയും വെടിവെച്ച് കൊല്ലും, ശവങ്ങള്‍ പെറുക്കി കൊണ്ടുപോകും' എന്ന പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുളളില്‍ പെടുന്നതല്ലെന്നും പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ സംഘടിത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഗുരുതരമായ പ്രസ്താവനകളാണെന്നും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തേയും ബലാല്‍സംഗത്തേയും ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ അതീവ ഗൗരവമുള്ളവയാണെന്നും അത് സ്ത്രീകളുടെ അന്തസ്സിനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടുത്ത ആക്രമണമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് പ്രേരണ നല്‍കുകയും സമൂഹത്തില്‍ നിയമവാഴ്ചയെ തകര്‍ക്കുകയും ചെയ്യുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ വെടിവെപ്പിലൂടേയും ലൈംഗിക അക്രമ ഭീഷണിയിലൂടേയും നേരിടുമെന്ന തരത്തിലുള്ള സന്ദേശം സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും എതിരാണ്. ഇത്തരം പ്രസ്താവനകള്‍ പൊതുസമാധാനം തകര്‍ക്കുന്നതിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തുന്നതിനും ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രിയ്ക്ക് അയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ടി ജി മോഹന്‍ദാസിനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
.jpg)

