ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന : മന്ത്രി ജി.ആർ. അനിൽ
കോട്ടയം: എല്ലാവിധ ചൂഷണങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു.
നാട്ടകത്ത് ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അളവും തൂക്കവും കൃത്യമെന്ന് ഉറപ്പാക്കുന്നതിനായി ജാഗ്രത എന്ന പേരിലും പെട്രോൾ,ഡീസൽ ക്രമക്കേടുകൾ തടയുന്നതിന് ക്ഷമത എന്ന പേരിലും ആരംഭിച്ച പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലീഗൽ മെട്രോളജി കൺട്രോളർ ജെ. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, എബി കുന്നേപറമ്പിൽ, സംസ്ഥാന നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ പി.കെ. രാജേഷ് കുമാർ, ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ ആർ. റീന ഗോപാൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. വി.കെ. സന്തോഷ് കുമാർ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു.
എം.സി. റോഡരികിൽ നാലു നിലകളുള്ള കെട്ടിടമാണ് വകുപ്പിനായി നിർമിച്ചത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്സും ഇവിടെ പ്രവർത്തിക്കും.
നിലവിൽ തിരുനക്കരയിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസുകൾ നാട്ടകത്തേക്ക് മാറ്റും. ഒക്ടോബർ അവസാനം ഓഫീസുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
.jpg)


