കാട്ടാക്കടയിൽ കടന്നൽ കുത്തേറ്റ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
കാട്ടാക്കട: സംസ്ഥാനത്ത് കടന്നൽ കുത്തേറ്റ് മരണം വീണ്ടും. ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടന്നൽ കുത്തേറ്റ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കാട്ടാക്കടയിൽ കടന്നൽ കൂട്ടത്തിൻറെ ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. വീരണകാവ് പട്ടകുളം സുധീഷ് ഭവനിൽ സുന്ദരൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീരണകാവിനടുത്ത് വച്ചായിരുന്നു സംഭവം.
കെട്ടിട നിർമാണ തൊഴിലാളിയായ സുന്ദരൻ ചായക്കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. റബർ മരത്തിലിരുന്ന കടന്നൽ കൂട് ഇളകി റോഡിൽ വീണത് അറിയാതെ അതുവഴി പോവുകയായിരുന്നു സുന്ദരൻ.
തലയിലും മുഖത്തും ഉൾപ്പെടെ ശരീരമാസകലം പരിക്കേറ്റ സുന്ദരനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
.jpg)

