കോൺഗ്രസ്സിന്റെ വിജയം 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

google news
mullappally ramachandran

കോഴിക്കോട് : കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഐതിഹാസിക വിജയം 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോൺഗസ്സിന്റെ ആശയാദർശങ്ങളിൽ അടിയുറച്ച്, ജനങ്ങളിലേക്കിറങ്ങി , ഒറ്റക്കെട്ടായി നീങ്ങിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ജി. പരമേശ്വരയും ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഒരു മനസ്സായി, ഒന്നിച്ചു പ്രവർത്തിച്ചുവെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത.

ഇത് ഇന്ത്യയിലെ മുഴുവൻ പാർട്ടി പ്രവർത്തകന്മാരും പിന്തുടരേണ്ട മഹനീയ മാതൃകയാണ്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായി, ഹിന്ദു രാഷ്ട്ര അജണ്ടയുമായി മുന്നോട്ടു പോകുന്നു.സംഘ് പരിവാറിന്റെ സർവ്വാധിപത്യത്തെ ചെറുക്കുന്നതിൽ തീർത്തും പരാജയപ്പെട്ട സി.പി.എം. നരേന്ദ്ര മോദിയുമായി ബാന്ധവത്തിലാണ്. ഈ ഒളിച്ചു കളി ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മോദിയുടെ ചങ്ങാത്ത മുതലാളിത്ത ഭരണത്തെ, പിണറായിയുടെ അഴിമതി ഭരണകൂടത്തെ നിലം പരിശാക്കാൻ വിവേകശാലികളെല്ലാം കാത്തിരിക്കുന്നു.

മതേതര-ജനാധിപത്യ വിശ്വാസികളുടെ മനസ്സ് കോൺഗ്രസ്സിനോടൊപ്പമാണ്. കോൺഗ്രസ്സ് ദുർബ്ബലമായാൽ ഇന്ത്യ തകരുമെന്ന കൃത്യമായ ചുവരെഴുത്താണ് കർണ്ണാടകയിലെ വിധിയെഴുത്ത്.

2024 കോൺഗ്രസ്സിന്റെ ഐതിഹാസികമായ തിരിച്ചുവരവിന്റെ വർഷമാണ്. 2019 പോലെ കേരളത്തിൽ 20:20 എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം. നമുക്ക് മുന്നോട്ട് പോകാം. എല്ലാം മറന്ന് രാജ്യമാണ് പ്രധാനം എന്നതാകട്ടെ കോൺഗ്രസ്സുകാരെ നയിക്കുന്ന വികാരം. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും നമ്മുടെ മഹാ പൈതൃകത്തിന്റെ അടയാളങ്ങൾ തന്നെയാണ്. മുല്ലപ്പള്ളി പറഞ്ഞു.

Tags