ചില എഴുത്തുകാർ കോൺഗ്രസിനെ അവഹേളിക്കുന്നത് സംഘ് പരിവാർ പ്രീതിക്കായി: വി.ടി.ബൽറാം

Some writers disparage Congress for Sangh Parivar favor: VT Balram
Some writers disparage Congress for Sangh Parivar favor: VT Balram

ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് കോൺഗ്രസ് പ്രസ്ഥാനത്തേയും ദേശീയ സ്വാതന്ത്ര്യ സമരത്തേയും അവഹേളിക്കാൻ മലയാളത്തിലെ ചില നോവലിസ്റ്റുകൾ കടന്നുവരുന്നത് സംഘ് പരിവാറിന്റെ പ്രീതിക്കായിട്ടാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. 
 ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്കറെ പരസ്യമായി അവഹേളിക്കുന്ന അമിത് ഷായേപ്പോലുള്ളവരാണ് ഇവർക്ക് പ്രചോദനം. 
  ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാക്കളാണ് കോൺഗ്രസെന്നും ആയതിനാൽ അതിന്റെ സംരക്ഷകരാവാനുള്ള ഉത്തരവാദിത്തവും കോൺഗ്രസ് ഏറ്റെടുക്കുമെന്നും വി.ടി.ബൽറാം പറഞ്ഞു. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നടത്തിയ "ഭരണഘടനാ സംരക്ഷണ സംഗമം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനുള്ള ആയുധമാണ് ഇന്ത്യൻ ഭരണഘടന എന്നദ്ദേഹം പറഞ്ഞു.
 അംബേദ്കർ ഭരണഘടനയിലൂടെ മുന്നോട്ടുവച്ച നീതിസങ്കൽപ്പങ്ങളോട് തുലനം ചെയ്യാൻ പോന്ന ഏതെങ്കിലും ആശയം സംഘ് പരിവാർ ഉയർത്തിക്കാട്ടുന്ന ഏതെങ്കിലും ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടാൻ കഴിയുമോ എന്ന് വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്ന രാഹുൽ ഗാന്ധിയിൽ ഇന്ത്യയിലെ പൊതുസമൂഹത്തിന് പ്രതീക്ഷ വർദ്ധിച്ചുവരികയാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ പാറയിൽ,ഉമറലി കരേക്കാട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സഫീർജാൻ പാണ്ടിക്കാട്,ഷിമിൽ അരീക്കോട്,നാസിൽ പൂവിൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ,ജില്ലാ ഭാരവാഹികളായ ഷിജി മോൾ,അഡ്വ പ്രജിത്,റാഷിദ് ചോല,റിയാസ് എം.ടി,രാഹുൽ ജി നാഥ്,മഹ്‌റൂഫ് പട്ടർക്കുളം തുടങ്ങിയവർ സംസാരിച്ചു.
 

Tags