കോണ്‍ഗ്രസ് ദുരന്തബാധിതരുടെ പേരില്‍ പണം പിരിച്ച് മോഷ്ടിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി എം സ്വരാജ്
കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഭവനപദ്ധതികളുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതിനെതിരെയായിരുന്നു സ്വരാജിന്റെ വിമര്‍ശനം.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. കോണ്‍ഗ്രസ് ദുരന്തബാധിതരുടെ പേരില്‍ പണം പിരിച്ച് മോഷ്ടിക്കുന്നുവെന്നും രാഷ്ട്രീയക്കാര്‍ക്കിടയിലെ ശവംതൂക്കുകാരാണ് കോണ്‍ഗ്രസുകാര്‍ എന്നും സ്വരാജ് പറഞ്ഞു. കല്ലിട്ട് ഒരു മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഭവനപദ്ധതികളുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതിനെതിരെയായിരുന്നു സ്വരാജിന്റെ വിമര്‍ശനം.
കോണ്‍ഗ്രസിന്റെ വീടുകള്‍ പണിയാന്‍ ഇപ്പോള്‍ വാങ്ങിയ സ്ഥലം മതിയാകുമോ എന്നും സ്വരാജ് ചോദിച്ചു. കോണ്‍ഗ്രസ് വീടുകളുടെ പണിതുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി തേടി അപേക്ഷ പോലും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഭൂമി നല്‍കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണം എന്ന് സതീശന്‍ പറയുന്നു. എന്നാല്‍ ഒരാളും സര്‍ക്കാരിനോട് സ്ഥലം ചോദിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദുരന്തബാധിതരുടെ പേരില്‍ കോണ്‍ഗ്രസ് പണം പിരിച്ച് മോഷ്ടിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.
മോഷ്ടാക്കള്‍ക്കിടയിലും ചില ധാര്‍മികതകള്‍ ഉണ്ട്. മരിച്ചു കിടക്കുന്നവരുടെ സ്വത്ത് അവര്‍ മോഷ്ടിക്കില്ല. എന്നാല്‍ മോഷ്ടാക്കളുടെ ധാര്‍മികത പോലും കോണ്‍ഗ്രസിനില്ല എന്നും സ്വരാജ് പറഞ്ഞു. യുഡിഎഫ് പോസ്റ്ററുകളിലെ സ്ഥാനാര്‍ത്ഥികളുടെ ചിരിക്ക് പിന്നില്‍ വയനാട്ടിലെ അമ്മമാരുടെ കണ്ണീരുണ്ട്. എത്ര രൂപയാണ് പിരിച്ചത്, ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചത് എന്നതെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തണം. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ പണമുണ്ടെന്ന വാദം കള്ളമാണെന്നും സ്വരാജ് പറഞ്ഞു.
വയനാട് ഫണ്ട് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട് എന്ന ഗുരുതര ആരോപണവും സ്വരാജ് ഉന്നയിച്ചു. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ഡീല്‍ വിവാദത്തില്‍ ഒരു വര്‍ഗീയവാദിയുടെയും വോട്ട് വേണ്ടതില്ല എന്നതാണ് നിലപാട് എന്നാണ് സ്വരാജ് പറഞ്ഞത്.
.jpg)


