രാഷ്ട്രീയ കേസുകളുടെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടില്ല : കെ സുധാകരൻ

k sudakaran

തിരുവനന്തപുരം: രാഷ്ട്രീയ കേസുകളുടെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യം താന്‍ കെ.പി.സി.സി അധ്യക്ഷനായിരിക്കുന്ന കാലയളവില്‍ കേരളത്തിലുണ്ടാകില്ലെന്ന് കെ. സുധാകരന്‍ എം.പി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളിതുവരെയുള്ള 40 പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താന്‍ അനുഭവിച്ച ദുരവസ്ഥ കോണ്‍ഗ്രസിന്‍റെ കുട്ടികള്‍ക്ക് ഉണ്ടാകരുതെന്നാണ് ആത്മാർഥമായ ആഗ്രഹം. ജനകീയ പോരാട്ടം നയിക്കുമ്പോള്‍ നിയമപരമായ കേസുകള്‍ സ്വാഭാവികമാണ്. എന്നാല്‍ ഭാവിയിലത് പ്രവര്‍ത്തകര്‍ക്ക് ബാധ്യതയായി മാറുന്ന സഹാചര്യത്തിന് മാറ്റം ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ ആഗ്രഹിച്ചത്.

നിയമസഹായം ചെലവേറിയതായതിനാല്‍ നിര്‍ധനരായ കുടുംബത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അത്തരം അവസ്ഥക്ക് പരിഹാരം കാണാനാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. അതിനാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിയമ സഹായ സെല്ലിന് രൂപം നല്‍കിയത്. നാളിതുവരെ 27 ലക്ഷം രൂപ വിവിധ കേസുകളില്‍ പിഴയായി നല്‍കി കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചെന്നത് അഭിമാനം നല്‍കുന്നതാണ്.

രാഷ്ട്രീയ എതിരാളികളുടെയും അവരുടെ ഭരണകൂടങ്ങളുടെയും പ്രതികാരവേട്ടക്ക് കോണ്‍ഗ്രസിന്‍റെ കുട്ടികളെ എറിഞ്ഞ് കൊടുക്കാന്‍ താന്‍ ഒരുക്കമല്ല. ജില്ലകള്‍ തോറും പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോയേഴ്സ് കോണ്‍ഗ്രസ് അഭിഭാഷകരെ ഉള്‍പ്പെടുത്തി കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags