ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് കെ.സി. വേണുഗോപാല്‍ എംപി

Congress's fight against the Election Commission is a second freedom struggle to protect democracy, says K.C. Venugopal MP

ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചതിനാലാണ് അവ പിന്‍വലിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെസി വേണുഗോപാല്‍.

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും വേണുഗോപാല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വെറും പാര്‍ട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബി.ജെ.പി. നിയമിച്ച മറ്റ് രണ്ട് കമ്മീഷന്‍ അംഗങ്ങള്‍ വിയോജിച്ച വിഷയങ്ങളില്‍ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകുന്നത് ആര്‍ക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പോലും നഷ്ടപ്പെടുത്തി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഉന്നയിച്ച കാര്യങ്ങള്‍ കമ്മീഷണര്‍മാര്‍ നല്‍കിയ പരാതിയിലൂടെ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമപോരാട്ടം ഉള്‍പ്പെടെയുള്ള മുന്നോട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെയും ഇന്ത്യാ സഖ്യകക്ഷികളുടെയും യോഗങ്ങളില്‍ തീരുമാനമെടുക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ സഹകരിക്കാന്‍ കഴിയുന്ന എല്ലാവരും കോണ്‍ഗ്രസിന്റെ പോരാട്ടത്തിനൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
 

Tags