രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് അതിജീവിതയെ അധിക്ഷേപിച്ച സംഭവം: ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോൺഗ്രസ്

sreenadevi

പത്തനംതിട്ട:  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് അതിജീവിതയെ അധിക്ഷേപിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്ക് ഉള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

tRootC1469263">

 ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കി. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു.

അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. താന്‍ അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്.

പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു. അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് കൂടുതല്‍ വില കല്‍പ്പിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് ശ്രീനാദേവി വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയിരുന്നു.
 

Tags