കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'പരസ്യ പ്രതികരണം നടത്തരുതെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകി മുസ്‌ലിം ലീഗ്

Congress CM debate: Muslim League issues strict instructions to leaders not to make public comments

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നേതൃത്വം നാളെ യോഗം ചേരും. പാണക്കാട് നാളെ രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷന്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ തീരുമാനം വന്നാല്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ച നടക്കും. യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും. അതുവരെ നേതാക്കളോ പ്രവർത്തകരോ പരസ്യപ്രതികരണം നടത്തരുതെന്ന് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പല നേതാക്കളും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു വള്ളിക്കുന്ന് നിയുക്ത എംഎല്‍എ ടി വി ഇബ്രാഹിമും മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദും പറഞ്ഞത്. കാര്യങ്ങള്‍ എന്തുകൊണ്ട് വഷളാകുന്നുവെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും പ്രഖ്യാപനം വൈകുന്ന രീതി വളരെ മോശമാണെന്നും ടി വി ഇബ്രാഹിം പറഞ്ഞിരുന്നു. പരസ്യ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ലീഗ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം തിരിച്ച് പിടിച്ചെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം തിരുമാനം ആയില്ല. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മൂന്ന് പക്ഷമായി തിരിഞ്ഞ് അണികള്‍ മുഖ്യമന്ത്രിക്കായി പോരാടുകയാണ്.

Tags