ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും സഞ്ജുവിനും അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

pinarayi

പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകപ്പ് വിജയത്തില്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

tRootC1469263">

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്വന്തം മണ്ണില്‍ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേര്‍ന്നപ്പോള്‍ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.

ഈ ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിര്‍ണ്ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.

Tags