സമ്പൂര്‍ണ ഇ-ഗവേണന്‍സ് കേരള സംസ്ഥാനം പ്രഖ്യാപനം 25 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

google news
cm-pinarayi

തിരുവനന്തപുരം: സമ്പൂര്‍ണ ഇ-ഗവേണന്‍സ് കേരളം പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. ഇന്ത്യയിലെ 100 ശതമാനം ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്തുന്നതിനോടൊപ്പം ഇവിടുത്തെ ജനതയെ വിജ്ഞാന സമൂഹമായി മാറ്റുകയും ചെയ്യുന്നതിന്‍റെ സുപ്രധാന കാല്‍വയ്പ് കൂടിയാകുമിത്.ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയ് ആമുഖഭാഷണം നടത്തും. ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ.രത്തന്‍ യു. ഖേല്‍ക്കര്‍ നന്ദി പ്രകാശിപ്പിക്കും.

ഭരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയുമാണ് സമ്പൂര്‍ണ ഇ-ഗവേര്‍ണന്‍സിന്‍റെ ലക്ഷ്യം. സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി കേരളത്തെ ഡിജിറ്റല്‍ വിജ്ഞാന സമൂഹമാക്കി മാറ്റുക, മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്‍റെ ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുക എന്നിവയും ഇതോടൊപ്പം വിഭാവനം ചെയ്യുന്നു. വിവിധ ഇ-സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനം ഉറപ്പാക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും ഇ ഗവേണന്‍സിലൂടെ സാധിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സാമൂഹിക ഐക്യവും ഉയര്‍ന്ന ജീവിത നിലവാരവും കൈവരിക്കാനും ഇത് ജനങ്ങളെ പ്രാപ്തമാക്കും.

 അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കാന്‍ ഈ നേട്ടം സഹായിക്കും. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനമുള്‍പ്പെടെ 800ല്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഇ-സേവനം ഏകജാലക സംവിധാനത്തിലേക്ക് മാറും.

സുതാര്യവും ദ്രുതഗതിയിലുള്ളതുമായ സേവനം എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയെന്ന മുഖ്യമന്ത്രിയുടെ വീക്ഷണത്തിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാന ഐടി മിഷന്‍ ഈ ഉദ്യമം സാധ്യമാക്കിയത്. ഫയല്‍ നീക്കത്തിനായി ഇ-ഓഫീസ് ഫയല്‍ഫ്ളോ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വില്ലേജ് ഓഫീസ് തലം വരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകള്‍, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം തന്നെ ഡിജിറ്റലാക്കിക്കഴിഞ്ഞു.

ഇ-ഡിസ്ട്രിക്ട്, കോര്‍ട്ട് കേസ് മാനേജ്മന്‍റ് സിസ്റ്റം(ഇ-കോര്‍ട്ട്), കെ-സ്വിഫ്റ്റ്, ഇ-ഹെല്‍ത്ത്-ഇ-പിഡിഎസ്, ഡിജിറ്റല്‍ സര്‍വേ മിഷന്‍, ഇആര്‍എസ്എസ്, സൈബര്‍ ഡോം, കൈറ്റ് എന്നിവയും വിജയകരമായി നടപ്പാക്കി വരികയാണ്.സര്‍ക്കാര്‍ ഐടി സേവനങ്ങള്‍ നടപ്പാക്കുന്ന കേരള ഐടി മിഷന്‍ ആരോഗ്യസേവനരംഗത്തുള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും എളുപ്പം ലഭിക്കുന്ന തരത്തില്‍ സേവനങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാന്‍ ഇ-ഗവേണന്‍സിന് സാധിക്കും. സാമൂഹ്യക്ഷേമം, സാമ്പത്തികവളര്‍ച്ച എന്നീ രംഗങ്ങളില്‍ ഐടി സേവനം ഉറപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിത നയമാക്കിയിട്ടുണ്ട്.

ഈ ദിശയിലേക്കുള്ള സുപ്രധാനമായ കാല്‍വയ്പ്പാണ് കെഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പൗരന്‍റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.കേന്ദ്രസര്‍ക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ദേശീയ ഇ-സര്‍വീസ് ഡെലിവറി അസസ്മന്‍റ് സര്‍വേകളില്‍ കേരളത്തിന്‍റെ സ്ഥാനം സ്ഥിരമായി മുന്‍പന്തിയിലാണ്.

Tags